ഒരോവറില്‍ എറിഞ്ഞത് 13 പന്ത്, നാണംകെട്ട റെക്കോര്‍ഡുമായി നവീന്‍, അഫ്ഗാന്‍ തോറ്റതിങ്ങനെ
സിംബാബ്വെയ്ക്കെതിരായ ആദ്യ ടി20യില്‍ ഒരോവറില്‍ 13 പന്ത് എറിഞ്ഞ് നാണം കെട്ട റെക്കോര്‍ഡ് സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍ പേസ് ബൗളര്‍ നവീനുല്‍ ഹഖ്. . മത്സരത്തില്‍ അഫ്ഗാന്റെ പരാജയത്തിന് ഈ ഒരോവര്‍ പ്രധാന പങ്കുവഹിച്ചു.
മത്സരത്തില്‍ സിംബാബ് വെ ഇന്നിംഗ്‌സിന്റെ 15ാം ഓവറിലായിരുന്നു സംഭവം. സിംബാബ്വെക്ക് 36 പന്തില്‍ നിന്ന് 57 റണ്‍സ് ആവശ്യമുള്ളപ്പോഴാണ് നവീന്റെ വിവാദ ഓവര്‍ സംഭവിച്ചത്. ആദ്യ പന്തില്‍ ഒരു വൈഡില്‍ തുടങ്ങിയ നവീന് പിന്നീട് കാര്യങ്ങള്‍ കൈവിടുകയായിരുന്നു.
ഒരു നോ ബോളും തുടര്‍ച്ചയായ നാല് വൈഡുകളും ഫ്രീ ഹിറ്റില്‍ നിന്നുള്ള ഒരു ബൗണ്ടറിയും ചേര്‍ന്ന് അഫ്ഗാനിസ്ഥാനെ മത്സരം തോല്‍ക്കുന്നതിലേക്ക് നവീന്‍ കാര്യങ്ങളെത്തിച്ചു. ഒടുവില്‍ സിക്കന്ദര്‍ റാസയെ പുറത്താക്കാന്‍ കഴിഞ്ഞെങ്കിലും, ഓവറില്‍ 19 റണ്‍സ് വഴങ്ങി, മത്സരത്തിന്റെ ഗതി സിംബാബ്വെയുടെ അനുകൂലമാക്കി.
നേരത്തെ, കരീം ജനത്ത് (54*) ഉം മുഹമ്മദ് നബി (44) ഉം നേടിയ റണ്‍സിന്റെ ബലത്തില്‍ അഫ്ഗാനിസ്ഥാന്‍ 144/6 എന്ന സ്‌കോര്‍ നേടിയിരുന്നു. മറുപടിയായി, ബ്രയാന്‍ ബെന്നറ്റും ഡിയോണ്‍ മിയേഴ്‌സും തമ്മിലുള്ള മികച്ച പങ്കാളിത്തത്തിന്റെ സഹായത്തോടെ സിംബാബ്വെ നാല് വിക്കറ്റ് ശേഷിക്കെ അവസാന പന്തില്‍ വിജയലക്ഷ്യം മറികടന്നു.
ഇതോടെ സിംബാബ്വെ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. ഡിസംബര്‍ 13 ന് ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുളളത്.