ഏകദിനത്തിലും സഞ്ജുവിന് നിര്‍ണ്ണായക സ്ഥാനം, പ്ലാന്‍ ബിയുമായി ഗംഭീറിന്റെ അവിശ്വസനീയ പദ്ധതി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. ടി20യില്‍ തുടര്‍ച്ചയായി ഒമ്പത് മത്സരങ്ങളില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം ലഭിച്ചു, അതില്‍ ഏഴിലും ഓപ്പണറായാണ് സഞ്ജു കളിച്ചത്. മൂന്ന് സെഞ്ച്വറികളുമായാണ് ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസത്തിന് സഞ്ജു പ്രതികരിച്ചത്. ഇതോടെ ടി20യില്‍ ഇന്ത്യയുടെ ഓപ്പണിംഗ് റോള്‍ അദ്ദേഹം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു.
ഇനി ഏകദിനത്തിലും സഞ്ജുവിനെ ടീമിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയെടുക്കാനാണ് ഗംഭീറിന്റെ നീക്കം. ഏകദിനത്തിലും മലയാളി താരത്തിന് തുടരെ അവസരങ്ങള്‍ നല്‍കാനുള്ള പദ്ധതികള്‍ അദ്ദേഹം തയ്യാറാക്കി കഴിഞ്ഞു.
ടി20യിലേതു പോലെ ഏകദിനത്തിലും സഞ്ജുവിന് ഉടന്‍ ഓപ്പണിംഗ് റോള്‍ ലഭിക്കാന്‍ സാധ്യതയില്ല. പകരം മധ്യനിരയിലായിരിക്കും അദ്ദേഹത്തിന് സ്ഥാനം ലഭിക്കുക. രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലുമാണ് ഏകദിനത്തില്‍ നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണിങ് ജോഡികള്‍. യുവതാരം യശസ്വി ജയ്സ്വാളും അവസരം കാത്തുനില്‍ക്കുന്നു.
ഇംഗ്ലണ്ടുമായുള്ള അടുത്ത ഏകദിന പരമ്പര ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് കൂടിയാണ്. ഏറ്റവും മികച്ച ടീം കോമ്പിനേഷന്‍ കണ്ടെത്താനായിരിക്കും ഗംഭീറിന്റെ ശ്രമം. ഇന്ത്യയ്ക്ക് വേണ്ടി ടോപ് ത്രീയില്‍ രോഹിത്, ഗില്‍, വിരാട് കോലി എന്നിവരുടെ സ്ഥാനം ഉറച്ചതാണ്. എന്നാല്‍ നാലാം നമ്പറില്‍ ടീമിന് മാച്ച് വിന്നറായ ഒരു താരത്തെ വേണം.
ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിലും ഇരുവരുടെയും ഫോം ആശങ്കാജനകമാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെ ഈ റോള്‍ സഞ്ജുവിന് നല്‍കാനാണ് ഗംഭീര്‍ ആലോചിക്കുന്നത്.
റിഷഭ് പന്ത് ഏകദിനത്തിലും ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരെ അദ്ദേഹത്തെ പ്ലെയിംഗ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തില്ല. റിഷഭും സഞ്ജുവും ഒരുമിച്ച് ടീമിനായി കളിക്കാനിറങ്ങും. സഞ്ജു നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അഞ്ചാമനായാണ് റിഷഭ് കളിച്ചേക്കുക. ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ റിഷഭ് തന്നെ ആയതിനാല്‍ മലയാളി താരത്തിന് സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ഈ പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാനായാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്കും സഞ്ജുവിന് നറുക്ക് വീണേക്കും. ഏകദിനത്തില്‍ ഇന്ത്യക്കൊപ്പം മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് സഞ്ജു. 16 മത്സരങ്ങളില്‍ നിന്ന് 56.66 എന്ന ഗംഭീര ശരാശരിയില്‍ 510 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.
ഈ വര്‍ഷം ശ്രീലങ്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ സഞ്ജുവിനെ തഴഞ്ഞിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ തിരിച്ചുവരവ് നടത്താനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്.