ചരിത്രമേ ഇതെങ്ങനെ വിശ്വസിക്കും, സ്വന്തം നാട്ടില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട് ടീം ഇന്ത്യ, അടി മര്‍മ്മത്തില്‍
മുംബൈ ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി! ന്യൂസിലന്‍ഡിനോട് 25 റണ്‍സിന് പരാജയപ്പെട്ട ഇന്ത്യ, നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ വൈറ്റ്വാഷ് ഏറ്റുവാങ്ങുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
147 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 29-5 എന്ന ദയനീയാവസ്ഥയിലായി. റിഷഭ് പന്തിന്റെ (64) പോരാട്ടവീര്യം പ്രതീക്ഷ നല്‍കിയെങ്കിലും ലഞ്ചിനു ശേഷം അജാസ് പട്ടേലിന്റെ മാസ്മരിക സ്പിന്നിനു മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു.
പിച്ചില്‍ അജാസ് പട്ടേല്‍ (6/57) വലവിരിച്ചപ്പോള്‍, ഗ്ലെന്‍ ഫിലിപ്സ് (3 വിക്കറ്റ്) മികച്ച പിന്തുണ നല്‍കി.
57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ്മ (11), വാഷിംഗ്ടണ്‍ സുന്ദര്‍ (12) എന്നിവര്‍ക്ക് പുറമെ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനും രണ്ടക്കം കടക്കാനായില്ല.
ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡിനെ ഓള്‍ ഔട്ടാക്കി 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ തുടക്കത്തില്‍ 29-5 എന്ന നിലില്‍ തോല്‍വി മുന്നില്‍ കണ്ടപ്പോള്‍ ആദ്യം രവീന്ദ്ര ജഡേജയെയും പിന്നീട് വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും പന്ത് വീണതോടെ ഇന്ത്യ മുട്ടുമടക്കി.
ഈ വിജയത്തോടെ ന്യൂസിലന്‍ഡ് മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ക്ലീന്‍ സ്വീപ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി ഈ പരമ്പര മാറി.