സ്വന്തം താരങ്ങള്‍ക്കെതിരെ ബോഡി ഷെയ്മിംഗ്, ആരാധകരെ പുറത്താക്കി, സ്റ്റേഡിയം അടച്ചു
ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലനത്തിനിടെയുണ്ടായ ആരാധകരുടെ തിരക്ക് വലിയ വിവാദമായിരിക്കുകയാണ്. ഇന്ത്യന്‍ താരങ്ങളെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനും ഫോട്ടോ എടുക്കാനുമൊക്കെയായി അയ്യായിരത്തോളം ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയത് കളിക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചു.
തിക്കും തിരക്കും മൂലം കളിക്കാര്‍ക്ക് പരിശീലനം പോലും ശരിയായി നടത്താന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ചില ആരാധകര്‍ താരങ്ങളെ ബോഡി ഷെയ്മിംഗ് ചെയ്യുകയും പരിശീലനത്തിനിടെ കളിക്കാര്‍ പുറത്താകുമ്പോള്‍ ആര്‍പ്പുവിളിക്കുകയും കളിയാക്കുകയും ചെയ്തത് ടീം മാനേജ്‌മെന്റിനെ ചൊടിപ്പിച്ചു.
ഈ സാഹചര്യത്തില്‍, ബിസിസിഐ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ഇടപെടുകയും കാണികളെ പരിശീലനം കാണുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന്, കാണികളുടെ സാന്നിധ്യം കളിക്കാരുടെ ശ്രദ്ധ തിരിക്കുന്നതായി ചൂണ്ടിക്കാട്ടി ക്രിക്കറ്റ് ഓസ്ട്രേലിയ പരിശീലനം അടച്ചിട്ട സ്റ്റേഡിയത്തിലേക്ക് മാറ്റി.
അഡ്‌ലെയ്ഡിലെ പരിശീലന ഗ്രൗണ്ടുകളില്‍ സാധാരണയായി കാണികളെ അനുവദിക്കാറുണ്ടെങ്കിലും, ഇത്തവണ കാണികളുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലും വാര്‍ത്താസമ്മേളനത്തില്‍ കാണികളുടെ പെരുമാറ്റത്തെ വിമര്‍ശിച്ചു.
ഡിസംബര്‍ 5ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്.