കിവീസിനെതിരെ ഇന്ത്യ വീഴുമ്പോഴും സഞ്ജുവിന് വാതിലുകള്‍ തുറക്കുന്നു, വന്‍ സന്തോഷ വാര്‍ത്ത
ഇന്ത്യയുടെ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര പരാജയം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. 12 വര്‍ഷത്തിനു ശേഷമുള്ള നാട്ടിലെ പരമ്പര തോല്‍വി ടീമിന്റെ ഭാവിയെക്കുറിച്ചും ഗൗതം ഗംഭീറിന്റെ പരിശീലനത്തെക്കുറിച്ചും ആശങ്കകള്‍ ജനിപ്പിക്കുന്നു. ഈ തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ സാധ്യതകളെയും ബാധിച്ചേക്കാം.
എന്നാല്‍, ഈ തിരിച്ചടി ചിലര്‍ക്ക് അവസരങ്ങളുടെ വാതില്‍ തുറന്നിട്ടുണ്ട്. സഞ്ജു സാംസണെ പോലുള്ള ആക്രമണോത്സുകരായ താരങ്ങള്‍ക്ക് ടെസ്റ്റ് ടീമിലേക്ക് വഴിതുറക്കപ്പെട്ടേക്കാം. സര്‍ഫറാസ് ഖാനും ജയ്‌സ്വാളിനും പിന്നാലെ സഞ്ജുവും ഉടന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലെത്തിയേക്കും എന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജുവിന് തിളങ്ങാനായാല്‍ ടെസ്റ്റ് ടീമിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് വേഗത്തിലാക്കാന്‍ സാധിക്കും. ബംഗ്ലാദേശിനെതിരെ നേടിയ സെഞ്ച്വറിയുടെ ആവേശത്തിലാണ് സഞ്ജു.
ഈ മികവ് ഇത്തവണ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണ്‍ കേരളത്തിനായി രഞ്ജി ട്രോഫി രണ്ടാം റൗണ്ട് കളിച്ചെങ്കിലും മഴയെത്തുടര്‍ന്ന് മത്സരം പൂര്‍ണ്ണമായി നടന്നില്ല. നിലവില്‍ ചെറിയ പരിക്കിന്റെ പേരില്‍ ഇടവേളയെടുത്തിരിക്കുകയാണ് സഞ്ജു സാംസണ്‍. പൂര്‍ണ്ണ ഫിറ്റ്നസോടെ മടങ്ങിയെത്തി ദക്ഷിണാഫ്രിക്കയോട് മിന്നിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം.
അതേസമയം, പുജാര, രഹാനെ തുടങ്ങിയ പഴയ താരങ്ങള്‍ക്ക് ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് അസാധ്യമാണെന്ന് തോന്നുന്നു. ടീം മാനേജ്‌മെന്റ് ഇപ്പോള്‍ ആക്രമണാത്മക ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നതിനാല്‍ ഈ താരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.