ടീം ഇന്ത്യയെന്ന നാണക്കേട്!, ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍ പരമ്പര നേടി ന്യൂസിലന്‍ഡ്
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റ് 113 റണ്‍സിന് ഇന്ത്യ തോറ്റമ്പി. കേവലം മൂന്ന് ദിവസം മാത്രം നീണ്ട മത്സരം കൈവിട്ടതോടെ ഒരു ദിവസം അവശേഷിക്കെ പരമ്പരയും 2-0ത്തിന് ന്യൂസിലന്‍ഡ് കൈക്കലാക്കി.
13 വിക്കറ്റുകള്‍ വീഴ്ത്തിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയുടെ പതനത്തിന് പ്രധാന കാരണക്കാരന്‍. 359 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ കേവലം 249 റണ്‍സിന് പുറത്തായി.
ലഞ്ച് വരെ ഇന്ത്യ നല്ല രീതിയില്‍ മുന്നേറിയെങ്കിലും ഉച്ചയ്ക്ക് ശേഷം സാന്റ്‌നര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. യശസ്വി ജയ്സ്വാള്‍ (77), രവീന്ദ്ര ജഡേജ (42) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനില്‍പ്പ് നടത്തിയത്. ശുഭ്മാന്‍ ഗില്‍ (23), കോഹ്ലി (17), അശ്വിന്‍ (18) എന്നിവര്‍ രണ്ടക്കം കടന്നു. ജസ്പ്രിത ബുമ്ര (10) പുറത്താവാതെ നിന്നു.
ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്നത്. പരമ്പരയിലെ അവസാന ടെസ്റ്റ് നവംബര്‍ 1 ന് മുംബൈയില്‍ ആരംഭിക്കും.