പൂരാനെ വെറുതെ 'ചൊറിഞ്ഞ്' സിറാജ്, കിട്ടിയത് മുട്ടന്‍ പണി,
ഐപിഎള്‌ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് കൂറ്റന്‍ സ്‌കോര്‍ ആണ് നേടിയത്. 20 ഓവറില്‍ വെറും വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് ലക്‌നൗ അടിച്ചെത്തത്. ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ് തകര്‍പ്പന്‍ സെഞ്ച്വറി നേടിയപ്പോള്‍, നിക്കോളാസ് പൂരന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയും ലക്‌നൗവിന്റെ കൂറ്റന്‍ സ്‌കോറിന് പിന്നില്‍ നിര്‍ണായകമായി.
മത്സരത്തിനിടെ ഗുജറാത്ത് പേസര്‍ മുഹമ്മദ് സിറാജും നിക്കോളാസ് പൂരനും തമ്മിലുണ്ടായ വാക്‌പോരും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മാര്‍ഷിന്റെയും പൂരന്റെയും വെടിക്കെട്ട് ബാറ്റിംഗ്
ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്‌നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടി മിച്ചല്‍ മാര്‍ഷ് ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 64 പന്തില്‍ നിന്ന് 10 ഫോറും 8 സിക്‌സും സഹിതം 117 റണ്‍സാണ് മാര്‍ഷ് അടിച്ചുകൂട്ടിയത്. അദ്ദേഹത്തിന് മികച്ച പിന്തുണ നല്‍കി നിക്കോളാസ് പൂരന്‍ 27 പന്തില്‍ 4 ഫോറും 5 സിക്‌സും സഹിതം 56 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം 24 പന്തില്‍ 36 റണ്‍സ് നേടി ടീമിന് മികച്ച തുടക്കം നല്‍കി. ഈ മൂന്നുപേരുടെയും പ്രകടനമാണ് ലക്‌നൗവിനെ 235 എന്ന കൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത്.
സിറാജ് - പൂരന്‍ വാക്‌പോര്
ലക്‌നൗ ഇന്നിംഗ്‌സിന്റെ 16-ാം ഓവറിലാണ് മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവം അരങ്ങേറിയത്. ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ മുഹമ്മദ് സിറാജിനെ മാര്‍ഷും പിന്നീട് പൂരനും ഓരോ ഫോര്‍ വീതം അടിച്ച് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ സിറാജ് പൂരനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. പൂരനെതിരെ രണ്ട് ബൗണ്‍സറുകള്‍ സിറാജ് എറിഞ്ഞു. ആദ്യത്തേത് അമ്പയര്‍ വൈഡ് വിളിച്ചു. രണ്ടാമത്തെ പന്ത് ഡോട്ട് ബോളായി.
ഡോട്ട് ബോളിന് ശേഷം സിറാജ് പൂരന്റെ അടുത്തേക്ക് ചെന്ന് വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍, പൂരന്‍ ഇതിനോട് പ്രതികരിച്ചില്ല. അദ്ദേഹം തന്റെ ചൂയിംഗം ചവച്ചുകൊണ്ട്, മറുഭാഗത്ത് നില്‍ക്കുകയായിരുന്ന മാര്‍ഷിനോട് സംസാരിക്കാനായി നടന്നുപോവുക മാത്രമാണ് ചെയ്തത്. സിറാജ് പ്രകോപനം തുടര്‍ന്നപ്പോഴും പൂരന്‍ തന്റെ ബാറ്റുകൊണ്ട് മറുപടി നല്‍കാനായിരുന്നു ഇഷ്ടപ്പെട്ടത്.
ബാറ്റുകൊണ്ട് മറുപടി നല്‍കിയ പൂരന്‍
സിറാജിന്റെ പ്രകോപനത്തിന് ശേഷം പൂരന്‍ കൗ കോര്‍ണറിലൂടെ ഒരു തകര്‍പ്പന്‍ സിക്‌സടിച്ച് മറുപടി നല്‍കി. പിന്നാലെ ഡൗണ്‍ ദി ഗ്രൗണ്ടിലൂടെ ഒരു ഫോറും സിറാജിന്റെ പന്തില്‍ പൂരന്‍ നേടി. ഈ ബൗണ്ടറി നേടിയ ശേഷം പൂരന്‍ തന്റെ ബാറ്റ് ഉയര്‍ത്തി സിറാജിന്റെ ദിശയിലേക്ക് ഒരു ഫ്‌ലൈയിംഗ് കിസ് നല്‍കി. ഇത് കാണികളെ ആവേശത്തിലാക്കുകയും സിറാജിനെ നിരാശനാക്കുകയും ചെയ്തു.
ഗുജറാത്ത് ബൗളര്‍മാര്‍ക്ക് മോശം ദിനം
ലക്‌നൗ ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ടിന് മുന്നില്‍ ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അര്‍ഷദ് ഖാനും ആര്‍ സായി കിഷോറും ഓരോ വിക്കറ്റ് വീതം നേടിയെങ്കിലും, മറ്റ് ഗുജറാത്ത് ബൗളര്‍മാരെല്ലാം ലക്‌നൗ ബാറ്റ്‌സ്മാന്‍മാര്‍ കണക്കില്ലാതെ പ്രഹരിച്ചു. ഇത് ഗുജറാത്ത് ടൈറ്റന്‍സിന്റെ തോല്‍വിക്ക് ഒരു പ്രധാന കാരണമായി മാറി. ലക്‌നൗവിന്റെ 235 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് 33 റണ്‍സിന് വിജയിച്ചു.