റയൽ മാഡ്രിഡിനു വേണ്ടി അർജന്റീന താരത്തിന്റെ ചാമ്പ്യൻസ് ലീഗ് ഗോൾ, പുതിയ താരോദയം
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇറ്റാലിയൻ ക്ലബായ നാപ്പോളിക്കെതിരെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പിൽ നടന്ന അഞ്ചു മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തു നിൽക്കുന്ന റയൽ മാഡ്രിഡ് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കാൻ തങ്ങൾക്കു കരുത്തുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.
അതേസമയം മത്സരത്തിൽ അർജന്റീനയുടെ പത്തൊന്പതുകാരനായ താരമായ നിക്കോ പാസ് നേടിയ ഗോളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ബ്രഹിം ഡയസിനു പകരക്കാരനായി അറുപത്തിയഞ്ചാം മിനുട്ടിൽ ഇറങ്ങിയ താരമാണ് മത്സരത്തിന് വഴിത്തിരിവുണ്ടാക്കിയത്. താരം കളത്തിലിറങ്ങുമ്പോൾ സ്‌കോർ 2-2 എന്ന നിലയിലായിരുന്നു. എണ്പത്തിനാലാം മിനുട്ടിൽ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെ തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളും റയൽ മാഡ്രിഡിന് ലീഡും താരം സ്വന്തമാക്കി നൽകി.
റയൽ മാഡ്രിഡ് റിസേർവ് ടീമിന്റെ ഭാഗമായ നിക്കോ പാസ് താൻ സീനിയർ ടീമിനു വേണ്ടി സ്ഥിരമായി കളത്തിലിറങ്ങാൻ പ്രാപ്‌തനാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം തെളിയിക്കുന്നുണ്ട്. ഇന്നലത്തെ ഗോളോടെ ലയണൽ മെസിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി. ലയണൽ മെസി ഒന്നാം സ്ഥാനത്തും നിക്കോ പാസ് രണ്ടാം സ്ഥാനത്തും നിൽക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർനാച്ചോയാണ് മൂന്നാമത്.
മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയപ്പോൾ റോഡ്രിഗോ, ജൂഡ് ബെല്ലിങ്ങ്ഹാം, ജോസെലു എന്നിവരാണ് മറ്റു ഗോളുകൾ സ്വന്തമാക്കിയത്. നാപ്പോളിക്ക് വേണ്ടി അർജന്റീന താരമായ സിമിയോണി ഒരു ഗോൾ നേടിയപ്പോൾ ഫ്രാങ്ക് അങ്കുയിസ മറ്റൊരു ഗോൾ സ്വന്തമാക്കി. റയൽ മാഡ്രിഡ് ഗ്രൂപ്പിൽ പതിനഞ്ചു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഏഴു പോയിന്റുമായി നാപ്പോളിയാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.