തുല്യതയില്ലാത്ത ലോക അട്ടിമറി, ന്യൂസിലന്‍ഡിനെ തകര്‍ത്ത് നൈജീരിയ
ലോകത്തിലെ ഒന്നുമല്ലാത്ത നൈജീരിയന്‍ ടീം തുല്യതയില്ലാത്ത ഒരു ജയം നേടി ഞെട്ടിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ശക്തികളിലൊന്നായ ന്യൂസിലന്‍ഡിനെയാണ് നൈജീരിയ അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ അട്ടിമറിച്ച് ചരിത്രം കുറിച്ചിരിക്കുന്നത്.
സരവാക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ മഴയെ തുടര്‍ന്ന് 13 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ വെറും രണ്ട് റണ്‍സിനായിരുന്നു ആഫ്രിക്കന്‍ ടീമിന്റെ ഈ അവിശ്വസനീയമായ വിജയം. ആദ്യം ബാറ്റു ചെയ്ത നൈജീരിയ 13 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സ് നേടി. ലില്ലിയന്‍ ഉഡെ (19), ക്യാപ്റ്റന്‍ ലക്കി പിയറ്റി (18) എന്നിവരാണ് ടീമിനെ താങ്ങിനിര്‍ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് 13 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. അവസാന ഓവറില്‍ ജയിക്കാന്‍ 9 റണ്‍സ് വേണമായിരുന്നിട്ടും അവര്‍ക്ക് 2 റണ്‍സ് മാത്രമേ നേടാനായുള്ളൂ.
നേരത്തെ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്കയോടും തോറ്റിരുന്നു. രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ടതോടെ ന്യൂസിലന്‍ഡ് പുറത്തായി. നൈജീരിയ - സമോവ മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെ മൂന്ന് പോയിന്റുമായി നൈജീരിയ ഒന്നാമതായി. ഇന്ന് ദുര്‍ബലരായ സമോവയെ തോല്‍പ്പിക്കാനായാല്‍ ദക്ഷിണാഫ്രിക്ക നാല് പോയിന്റോടെ ഒന്നാമതെത്തും.
പ്രധാന കാര്യങ്ങള്‍:
നൈജീരിയ ന്യൂസിലന്‍ഡിനെ 2 റണ്‍സിന് തോല്‍പ്പിച്ചു.
മത്സരം മഴയെ തുടര്‍ന്ന് 13 ഓവറാക്കി ചുരുക്കി.
ന്യൂസിലന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പുറത്തായി.
നൈജീരിയ ഗ്രൂപ്പ് സിയില്‍ ഒന്നാമതെത്തി.