ഗില്ലും, രോഹിതും ആദ്യ ടെസ്റ്റിനില്ല; കോച്ച് ഗംഭീറിന്റെ വജ്രായുധം പക്ഷെ ഈ അരങ്ങേറ്റ താരമാണ്
ടീം ഇന്ത്യയുടെ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി വെള്ളിയാഴ്ച പെർത്തിൽ ആരംഭിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൽ തന്റെ ആദ്യ ടെസ്റ്റ് ക്യാപ് നേടുമെന്ന് സൂചന. ഇന്ത്യൻ ടീം മാനേജ്‌മെന്റ് അദ്ദേഹത്തെ നാലാമത്തെ സീമറായി കളിപ്പിക്കാനാണ് സാധ്യത. പേസ് ബൗളർമാരുടെ പറുദീസയായി കണക്കാക്കപ്പെടുന്ന പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ മികച്ച ബൗൺസും കാരിയും ഉറപ്പാണ്. അതിനാൽ തന്നെ ഫാസ്റ്റ് ബൗളിംഗ് വിഭാഗത്തെ ശക്തിപ്പെടുത്താൻ റെഡ്ഡി അനുയോജ്യനാവുമെന്നാണ് ടീം മാനേജ്‌മന്റ് കരുതുന്നത്.
രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിക്കാൻ ഒരുങ്ങുന്ന വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ ഫാസ്റ്റ് ബൗളർമാർ. കണങ്കാലിനേറ്റ പരിക്കിനുശേഷം രഞ്ജി ട്രോഫിയിലൂടെ തിരിച്ചുവന്ന മുഹമ്മദ് ഷമി ടീമിനൊപ്പം ചേരില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഹാർദിക് പാണ്ഡ്യ ടെസ്റ്റ് ടീമിൽ ഇല്ലാത്തതിനാൽ, അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ടീമിലെ ഏക പേസ് ബൗളിംഗ് ഓൾറൗണ്ടറാണ് റെഡ്ഡി. ഇന്ത്യയുടെ മുൻ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇടം നേടിയ ശാർദുൽ താക്കൂറും ഇത്തവണ ടീമിൽ പരിഗണിക്കപ്പെട്ടില്ല.
ശാർദുൽ ഠാക്കൂറിനെ ഒഴിവാക്കിയതിനെ കുറിച്ച് ഗംഭീർ
യാത്രയ്ക്ക് മുമ്പുള്ള പത്രസമ്മേളനത്തിൽ കോച്ച് ഗംഭീർ പറഞ്ഞു: "ശാർദുലിന് പകരം റെഡ്ഡിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം ഭാവിയെ കൂടി കണക്കിലെടുത്താണ്. ഏറ്റവും മികച്ച ടീമിനെയാണ് ഞങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഞാൻ കരുതുന്നു. നിതീഷ് റെഡ്ഡി എത്രമാത്രം കഴിവുള്ളയാളാണെന്ന് നമുക്കെല്ലാവർക്കും അറിയാം, അവസരം നൽകിയാൽ അദ്ദേഹം ടീം ഇന്ത്യക്ക് മുതൽക്കൂട്ടാവും."
ആഭ്യന്തര ക്രിക്കറ്റിൽ മിന്നിനിൽക്കുന്ന ഈ ആന്ധ്രാപ്രദേശ് ബാറ്റിംഗ് ഓൾറൗണ്ടർ 21 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചതിൽ നിന്നും, ഒരു സെഞ്ച്വറിയും രണ്ട് അർദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. കൂടാതെ 56 വിക്കറ്റുകളും താരം വീഴ്ത്തി. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനായി കളിക്കുമ്പോഴും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.