മൈതാനത്ത് ഏറ്റുമുട്ടി ഇന്ത്യന്‍ യുവതാരങ്ങള്‍, രാജസ്ഥാന്‍ റോയല്‍സിന് അടുത്ത തലവേദന
സയ്യിദ് മുഷ്താഖ് അലി ട്രോഫി നോകൗട്ട് മത്സരത്തില്‍ ഇന്ത്യന്‍ യുവതാരങ്ങള്‍ തമ്മില്‍ വാക്ക് പോര്. ചെന്നൈയിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഉത്തര്‍പ്രദേശും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ ആണ് ഡല്‍ഹിയുടെ നിതീഷ് റാണയും യുപി ബാറ്റര്‍ ആയുഷ് ബദോണിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നത്.
ബദോണി ഒരു റണ്‍ പൂര്‍ത്തിയാക്കി നോണ്‍-സ്‌ട്രൈക്കറുടെ അറ്റത്തേക്ക് വന്നപ്പോള്‍, ബൗളിംഗ് കഴിഞ്ഞ് അവിടെ ഉണ്ടായിരുന്ന റാണ ബദോണിയോട് കയര്‍ക്കുകയായിരുന്നു. ഇതോടെ ഇത് ഇരുവരും തമ്മിലുളള ഏറ്റുമുട്ടലായി മാറുകയായിരുന്നു. സംഭവം വഷളായതിനെ തുടര്‍ന്ന് ഒടുവില്‍ ഓണ്‍-ഫീല്‍ഡ് അമ്പയര്‍ക്ക് ഇടപെടേണ്ടി വന്നു.
നിതീഷ് റാണ: വാക്കേറ്റങ്ങള്‍ക്ക് പേരുകേട്ടയാള്‍
2023-ല്‍, ശ്രേയസ് അയ്യരുടെ അഭാവത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നയിച്ച റാണ, മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഹൃതിക് ഷോക്കീനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. റാണ പുറത്തേക്ക് നടക്കുമ്പോള്‍, ഷോക്കീന്‍ എന്തോ പറഞ്ഞതായി തോന്നുന്നു, അത് റാണയെ പ്രകോപിപ്പിക്കുകയും അദ്ദേഹം തിരിച്ചുവന്ന് രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയായിരുന്നു.
നിലവില്‍, രാജസ്ഥാന്‍ റോയല്‍സ് നിതീഷ് റാണയെ നാല് കോടി രൂപയ്ക്ക് സ്വന്തമാക്കിയിട്ടുണ്ട്. കെകെആര്‍ അദ്ദേഹത്തിന് വേണ്ടി ബിഡ് പോലും ചെയ്തില്ല എന്നത് ഞെട്ടിക്കുന്നതാണ്. അതെസമയം ബദോണിയെ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തി.
യുപി - ഡല്‍ഹി മത്സര സംഗ്രഹം
മത്സരത്തില്‍ ഡല്‍ഹി ഉത്തര്‍പ്രദേശിനെ 19 റണ്‍സിന് പരാജയപ്പെടുത്തി ടോപ്പ്-4ല്‍ ഇടം നേടി. അനുജ് റാവത്തിന്റെ സെഞ്ച്വറിയുടെ ബലത്തില്‍ ഡല്‍ഹി 193 റണ്‍സാണ് നേടിയത്. പ്രിയാന്‍ഷ് റോഡ (44), യശ് ധൂള്‍ (42) എന്നിവര്‍ മധ്യനിരയില്‍ മികച്ച സംഭാവന നല്‍കി. മറുപടി ബാറ്റിംഗില്‍ ഉത്തര്‍പ്രദേശിനെ 174 റണ്‍സില്‍ ഒതുക്കി.
ഉത്തര്‍പ്രദേശിനായി പ്രിയം ഗാര്‍ഗ് 54 റണ്‍സുമായി ടോപ് സ്‌കോറര്‍ ആയി. വെള്ളിയാഴ്ച നടക്കുന്ന സെമിഫൈനലില്‍ ഡല്‍ഹി മധ്യപ്രദേശിനെ നേരിടും.