ക്യാപ്റ്റനില്ല, പാകിസ്ഥാനെ നേരിടാന്‍ സര്‍പ്രൈസ് ടീമുമായി ഓസ്‌ട്രേലിയ
പാകിസ്താനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയ്ക്കായുളള ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്നതിനായി പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്.
13 അംഗ ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. നവംബര്‍ 4ന് പാകിസ്താനെതിരായ പരമ്പര ആരംഭിക്കും. ആദ്യം നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതെസമയം ടി20 ടീമിന്റെ ക്യാപ്റ്റനാരെന്ന കാര്യവും ക്രിക്കറ്റ് ഓസ്‌ട്രേലിയ പുറത്ത് വിട്ടിട്ടില്ല.
പാകിസ്താന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു, മുഹമ്മദ് റിസ്വാനാണ് ക്യാപ്റ്റന്‍. ആദ്യം ക്യാപ്റ്റനില്ലാതെയാണ് പാകിസ്താന്‍ ക്രിക്കറ്റും ടീം ലിസ്റ്റ് പുറത്തുവിട്ടത്. പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മുഹമ്മദ് റിസ്വാനെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയായിരുന്നു.
ട്വന്റി 20 ടീം: സീന്‍ അബോട്ട്, സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കോണോലി, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, ജെയ്ക് ഫ്രെയ്‌സര്‍-മക്ഗര്‍ക്ക്, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇംഗ്ലീസ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാമ്പ.