ചാമ്പ്യന്‍സ് ട്രോഫി: ജേഴ്‌സിയില്‍ 'പാകിസ്ഥാന്‍' പേര് എഴുതില്ലെന്ന് ഇന്ത്യ, പുതിയ വിവാദം
പാകിസ്ഥാനും ദുബായ്ക്കും ആതിഥേയത്വം വഹിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പുതിയ വിവാദം. ടീമിന്റെ ജേഴ്‌സിയില്‍ ആതിഥേയ രാജ്യത്തിന്റെ പേര് അച്ചടിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. എന്നിരുന്നാലും, ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയര്‍ പാകിസ്ഥാനാണ്. പാകിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കാന്‍ ബിസിസിഐ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും ഹൈബ്രിഡ് മോഡല്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ജേഴ്‌സിയില്‍ ആതിഥേയ രാജ്യത്തിന്റെ പേര് അച്ചടിക്കുന്നത് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ പാകിസ്ഥാന്റെ പേര് അച്ചടിക്കാന്‍ വിസമ്മതിച്ച ബിസിസിഐ ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പിസിബി ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസിനോട് പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമായുള്ള ക്യാപ്റ്റന്‍മാരുടെ യോഗത്തിനായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ പാകിസ്ഥാനിലേക്ക് അയയ്ക്കാനും ബിസിസിഐ വിസമ്മതിച്ചിരുന്നു.
'ക്രിക്കറ്റില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ബിസിസിഐയുടെ നടപടി ക്രിക്കറ്റിന് നല്ലതല്ല. അവര്‍ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചു. ഉദ്ഘാടന ചടങ്ങിന് അവരുടെ ക്യാപ്റ്റനെ (പാകിസ്ഥാനിലേക്ക്) അയയ്ക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല, ഇപ്പോള്‍ ആതിഥേയ രാജ്യത്തിന്റെ (പാകിസ്ഥാന്‍) പേര് അവരുടെ ജേഴ്‌സിയില്‍ അച്ചടിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐസിസി ഇത് അനുവദിക്കില്ലെന്നും പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു,' പേരു വെളിപ്പെടുത്താത്ത പിസിബി ഉദ്യോഗസ്ഥന്‍ ഏജന്‍സിയോട് പറഞ്ഞു.
പിസിബിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങാതെ, ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കില്ലെന്ന നിലപാടാണ് നേരത്തെ ബിസിസിഐ കൈകൊണ്ടത്. ഇതോടെ ഇന്ത്യയുടെ നിബന്ധനകള്‍ പിസിബിക്ക് അംഗീകരിക്കേണ്ടിവന്നു. ഭാവിയില്‍ ഐസിസി പരിപാടികള്‍ക്കായി പാകിസ്ഥാന്‍ ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതില്‍ നിന്ന് പിസിബിയെ തടയുന്നതാണ് പുതിയ കരാര്‍.
ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ ഏകദേശം ഒരു മാസം മാത്രം ശേഷിക്കെ, പുതിയ വിവാദങ്ങള്‍ തലക്കെട്ടുകളില്‍ നിറയുകയാണ്.