ബിസിസിഐയുടെ കടിഞ്ഞാണ്‍ മുറുകുന്നു, പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മൂക്കുകയറുമായി ബംഗാള്‍!
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ചുവട് പിടിച്ച് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാളും. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിന് മുന്നോടിയായാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെയാണ് ബിസിസിഐ താരങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
എന്തൊക്കെയാണ് നിയന്ത്രണങ്ങള്‍?
വിദേശ പരമ്പരകളില്‍ താരങ്ങളുടെ കുടുംബങ്ങള്‍ക്ക് സമയപരിധി.
പരമ്പരയ്ക്കിടെ വ്യക്തിഗത ഷൂട്ടുകള്‍ക്ക് നിയന്ത്രണം.
ടീമിനൊപ്പം യാത്ര ചെയ്യണം.
ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കണം.
ബംഗാള്‍ പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി പറയുന്നതനുസരിച്ച്, ബിസിസിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി ഒരു ടീം ബസ് മാത്രമാണ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. എല്ലാ കളിക്കാരും ടീമിനൊപ്പം പരിശീലനത്തിനും മത്സരത്തിനും വരണമെന്നും നിര്‍ദേശിക്കുന്നു.
ബിസിസിഐയുടെ ഈ നിയന്ത്രണങ്ങള്‍ ശിക്ഷയല്ലെന്നും ടീമിന് കൂടുതല്‍ ഒത്തിണക്കവും അച്ചടക്കവും ഉറപ്പാക്കാനാണെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ വ്യക്തമാക്കി.
ഈ നിയന്ത്രണങ്ങളുടെ ഫലമായി രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, രോഹിത് ശര്‍മ എന്നിവര്‍ രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ തീരുമാനിച്ചിരുന്നു. അതെസമയം വിരാട് കോലിയും കെ.എല്‍. രാഹുലും പരിക്കു മൂലം രഞ്ജിയില്‍ കളിക്കുന്നില്ല.