സഞ്ജുവിന് കട്ടപിന്തുണയുമായി ക്യാപ്റ്റന്‍ സൂര്യ, എന്റെ ടീമില്‍ മറ്റൊരാളില്ല!
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാകുമ്പോള്‍, സഞ്ജു സാംസണ്‍ തന്നെയായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ എന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. ഒന്നാം ടി20 മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സൂര്യകുമാര്‍ യാദവ നയം വ്യക്തമാക്കിയത്.
'സഞ്ജുവിന്റെ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോള്‍ വിക്കറ്റ് കീപ്പറെ കുറിച്ച് യാതൊരു സംശയവുമില്ല. മറ്റൊരു ഓപ്ഷനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നില്ല,' സൂര്യകുമാര്‍ പറഞ്ഞു.
സഞ്ജുവിന്റെ മിന്നും ഫോം
ട്വന്റി 20 യില്‍ മികച്ച ഫോമിലാണ് സഞ്ജു. അവസാനത്തെ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 436 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഓപ്പണറായി സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം സഞ്ജു കൂടുതല്‍ മികവ് പുലര്‍ത്തുന്നു.
ഇന്ന് ആവേശപ്പോര്
ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം. സഞ്ജുവും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മികച്ച ഫോം തുടരാനും കളത്തിനുപുറത്തെ വിവാദങ്ങളെ മറികടക്കാനും സഞ്ജുവിന് ഇന്ന് അവസരമുണ്ട്.