ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാന്‍ തയ്യാറായി ഇന്ത്യന്‍ താരങ്ങള്‍, സീനിയേഴ്‌സ് വിട്ടുനില്‍ക്കും
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിനു ശേഷം, സീനിയര്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ടെസ്റ്റ് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന് മുന്‍ താരങ്ങളും കോച്ച് ഗൗതം ഗംഭീറും ചൂണ്ടിക്കാട്ടി.
2012ലാണ് കോലി അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്, രോഹിത് 2016ലും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ 2013വരെ രഞ്ജി കളിച്ചിരുന്നു. ഈ മാസം 23ന് രഞ്ജി ട്രോഫി രണ്ടാം ഘട്ടം ആരംഭിക്കുമെങ്കിലും ഇരുവരും കളിക്കാന്‍ സാധ്യത കുറവാണ്.
എന്നാല്‍, ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇടം നേടിയ മൂന്ന് യുവതാരങ്ങള്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറായിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കര്‍ണാടകയ്ക്കു വേണ്ടിയും അഭിമന്യു ഈശ്വരന്‍ ബംഗാളിനു വേണ്ടിയും കളത്തിലിറങ്ങും.
കെ എല്‍ രാഹുല്‍ വിശ്രമം ആവശ്യപ്പെട്ടതിനാല്‍ വിജയ് ഹസാരെയില്‍ കളിക്കില്ല. എന്നാല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ തമിഴ്നാട് സെമിയിലെത്തിയാല്‍ ടീമിനൊപ്പം ചേരും.
വിജയ് ഹസാരെ ട്രോഫിയില്‍ ഈ മാസം 9ന് പ്രീ ക്വാര്‍ട്ടര്‍ ഫൈനലും 11ന് ക്വാര്‍ട്ടര്‍ ഫൈനലും 15, 16 തീയതികളില്‍ സെമി ഫൈനലും 18ന് ഫൈനലും നടക്കും.