ഹാര്‍ദ്ദിക്കല്ല, തിലകിനെ പുറത്താക്കിയതിന് പിന്നില്‍ മറ്റൊരാള്‍; വിചിത്ര യുക്തി വിശദീകരിച്ച് പരിശീലകന്‍
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ തിലക് വര്‍മ്മയെ റിട്ടയര്‍ ഔട്ട് ചെയ്ത സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. പലരും ഈ തീരുമാനത്തിന് പിന്നില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണെന്ന് കരുതിയെങ്കിലും, യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.
മുംബൈ ഇന്ത്യന്‍സ് മുഖ്യ പരിശീലകന്‍ മഹേല ജയവര്‍ധനെയാണ് ആ നിര്‍ണായക തീരുമാനം എടുത്തതെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തി. മത്സരത്തിന്റെ അവസാന ഓവറുകളില്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച തിലകിന് പകരം പുതിയൊരു കളിക്കാരന് അവസരം നല്‍കുകയായിരുന്നു ലക്ഷ്യമെന്ന് ജയവര്‍ധനെ വിശദീകരിച്ചു.
നിര്‍ണായകമായ റണ്‍ ചേസിനിടെ തിലക് വര്‍മ്മ 23 പന്തില്‍ 25 റണ്‍സുമായി ക്രീസില്‍ ഉണ്ടായിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച വേഗത്തില്‍ സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് ടീമിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇങ്ങനെയൊരു കടുത്ത തീരുമാനമെടുത്തതെന്ന് ജയവര്‍ധനെ മത്സരശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഏറെ സമയം ക്രീസില്‍ ചെലവഴിച്ചിട്ടും മികച്ച ഷോട്ടുകള്‍ കളിക്കാന്‍ തിലക് വിഷമിക്കുന്നത് കണ്ടപ്പോള്‍, പുതിയൊരാള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ കളിക്കാന്‍ സാധിക്കുമെന്ന വിശ്വാസമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ക്ക് മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടപ്പോള്‍ സൂര്യയോടൊപ്പം തിലക് നല്ലൊരു കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അവന് നന്നായി കളിക്കണമെന്നുണ്ടായിരുന്നു, പക്ഷേ സാധിച്ചില്ല. അവസാന ഓവറുകളില്‍ അവന്‍ കാത്തിരുന്നു, കാരണം അത്രയും സമയം ക്രീസില്‍ നിന്നതുകൊണ്ട് മികച്ച ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന് അവന്‍ കരുതിയിരിക്കാം. പക്ഷേ, അവന്‍ വിഷമിക്കുന്നു എന്ന് കണ്ടപ്പോള്‍, പുതുതായി വരുന്ന ഒരാള്‍ക്ക് കൂടുതല്‍ ആവേശത്തോടെ കളിക്കാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നി. ക്രിക്കറ്റില്‍ ഇത്തരം തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. തിലകിനെ പുറത്താക്കിയത് സന്തോഷകരമായ കാര്യമല്ല, പക്ഷേ അതെന്റെ ജോലിയുടെ ഭാഗമായിരുന്നു' ജയവര്‍ധനെ പറഞ്ഞു.
ഹാര്‍ദിക് പാണ്ഡ്യ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയെങ്കിലും, പന്തുകൊണ്ട് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. ടി20 കരിയറിലെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അദ്ദേഹം, ഐപിഎല്ലില്‍ ഒരു ക്യാപ്റ്റനായി അഞ്ച് വിക്കറ്റ് നേടുന്ന ആദ്യത്തെ താരം എന്ന റെക്കോര്‍ഡും സ്വന്തമാക്കി. 5/36 എന്നതായിരുന്നു ഹാര്‍ദിക്കിന്റെ ബോളിംഗ് പ്രകടനം.