ഡ്രസിങ് റൂമിലെ ചാരന്‍ സര്‍ഫറാസല്ല, ഗംഭീറിന്റെ വിശ്വസ്തന്‍, ആരോപണം തിരിഞ്ഞുകൊത്തുന്നു
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിങ് റൂം രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസില്‍ പുതിയൊരു വഴിത്തിരിവ്. ബിസിസിഐ റിവ്യൂ മീറ്റിംഗില്‍ യുവതാരം സര്‍ഫറാസ് ഖാനാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്ന കോച്ച് ഗൗതം ഗംഭീരിന്റെ ആരോപണം വലിയ വിവാദമായിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഗംഭീരിന്റെ വിശ്വസ്തനും അസിസ്റ്റന്റ് കോച്ചുമാണ് ചോര്‍ച്ചയ്ക്ക് പിന്നിലെന്ന ആരോപണവുമായി ടൈംസ് ഓഫ് ഇന്ത്യയിലെ പ്രധാന മാധ്യമപ്രവര്‍ത്തകന്‍ അഭിഷേക് ത്രിപാഠി രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ പുതിയൊരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ് ത്രിപാഠിയുടെ വെളിപ്പെടുത്തല്‍. അസിസ്റ്റന്റ് കോച്ചുമാരില്‍ ഒരാളായ അഭിഷേക് നായരോ റയാന്‍ ടെന്‍ ഡോഷേറ്റോ ആണ് ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് സൂചന. ഇന്ത്യന്‍ മാധ്യമങ്ങളുമായി അടുത്ത ബന്ധമുള്ള അഭിഷേക് നായരാണ് കൂടുതല്‍ സംശയത്തിന്റെ നിഴലിലുള്ളത്.
ബിസിസിഐയുടെ അവലോകന യോഗത്തില്‍ ഗംഭീര്‍ സര്‍ഫറാസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഒരു മത്സരത്തിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന സര്‍ഫറാസ്, ടീമിനെതിരെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം.
എന്നാല്‍, ഈ ആരോപണം ഇപ്പോള്‍ തിരിഞ്ഞുകൊത്തിയിരിക്കുകയാണ്. ഗംഭീരിന്റെ അസിസ്റ്റന്റ് കോച്ചാണ് യഥാര്‍ത്ഥ പ്രതിയെന്ന വാര്‍ത്ത ടീമിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.