ഞാനുണ്ടാകുമോ എന്ന് ഉറപ്പില്ല, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് രോഹിത് പിന്മാറുന്നു
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ. ഈ മാസം 22 ന് പെര്‍ത്തില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ താന്‍ കളിക്കുമോ എന്ന് ഉറപ്പില്ലെന്നാണ് രോഹിത് വെളിപ്പെടുത്തിയിരിക്കുന്നത്.
'ആദ്യ ടെസ്റ്റില്‍ കളിക്കുന്ന കാര്യത്തില്‍ സംശയമുണ്ട്. ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പ് പറയാനാവില്ല. കാത്തിരുന്ന് കാണാം' രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രോഹിത് പിന്മാറിയാല്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കും. ഓപ്പണിംഗ് സ്ഥാനത്ത് അഭിമന്യു ഈശ്വരന് അവസരം ലഭിക്കാനും സാധ്യതയുണ്ട്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തോല്‍വിക്ക് പുറമെ, രോഹിത്തിന്റെയും കോഹ്ലിയുടെയും മോശം ബാറ്റിംഗ് പ്രകടനവും ആരാധകരെ നിരാശരാക്കിയിരുന്നു.
'ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റ്‌സ്മാന്‍ എന്ന നിലയിലും എനിക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞില്ല. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു' - രോഹിത് മത്സരശേഷം പറഞ്ഞിരുന്നു.
ന്യൂസിലന്‍ഡിനോട് 0-3 ന് പരാജയപ്പെട്ടതോടെ അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെ 4-0 ന് ജയിക്കേണ്ടതുണ്ട്. 1990 ന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പര കളിക്കുന്നത്.