സര്‍ഫറാസ് കാത്തിരിക്കട്ടെ, അനീതിയൊന്നും ഇവിടെ നടക്കുന്നില്ല, തുറന്നടിച്ച് ഇന്ത്യന്‍ താരം
ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച അരങ്ങേറ്റം കുറിച്ചിട്ടും യുവതാരം സര്‍ഫറാസ് ഖാന് ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കാത്തിരിപ്പ് തുടരുകയാണ്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളിലും കെ.എല്‍. രാഹുലിനെയാണ് ഇന്ത്യ കളിപ്പിച്ചത്. മാത്രമല്ല സര്‍ഫറാസിനെ ഇറാനി കപ്പില്‍ കളിക്കാന്‍ മുംബൈ ടീമിലേക്ക് തിരിച്ചയക്കുകയും ചെയ്തു. മുംബൈക്ക് വേണ്ടി സര്‍ഫറാസ് ഇരട്ട സെഞ്ച്വറി നേടിയപ്പോള്‍, ഇന്ത്യക്ക് വേണ്ടി രാഹുലും നിര്‍ണായക റണ്‍സ് നേടി.
ഇരുവരും ഇപ്പോള്‍ ന്യൂസിലന്‍ഡ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടിയിട്ടുണ്ട്. എന്നാല്‍ മൂന്ന് ടെസ്റ്റുകളില്‍ സര്‍ഫറാസിന് അവസരം ലഭിക്കുമോ എന്നത് കണ്ടറിയണം. ഈ സാഹചര്യത്തില്‍ മുന്‍ ഇന്ത്യന്‍ താരവും മുന്‍ സെലക്ടറുമായ ജതിന്‍ പരഞ്ജപെ, സര്‍ഫറാസിനോട് തന്റെ ബാറ്റുകൊണ്ട് സംസാരിക്കുന്നത് തുടരാനും അവസരത്തിനായി കാത്തിരിക്കാനും ആവശ്യപ്പെടുന്നു.
'സര്‍ഫറാസിന്റെ സാഹചര്യത്തില്‍ അന്യായമായി ഒന്നുമില്ല. മറ്റൊരാള്‍ക്ക് പരിക്കേറ്റതിനാലാണ് അവന്‍ കളിച്ചത്. ബാറ്റിംഗ് സ്ഥാനങ്ങള്‍ക്കായുള്ള മത്സരം വളരെ ശക്തമാണ്, നിര്‍ഭാഗ്യവശാല്‍ ആരെങ്കിലും പുറത്താകും. എന്നാല്‍ പുറത്താകുന്ന ആള്‍ക്ക് എന്തുചെയ്യാന്‍ കഴിയും? അയാള്‍ക്ക് റണ്‍സ് നേടുന്നത് തുടരുക എന്നല്ലാതെ മറ്റ് മാര്‍ഗമില്ല, സര്‍ഫറാസ് ഇറാനി കപ്പില്‍ അതാണ് ചെയ്തത്. അവന്‍ ഇനിയും മികച്ച ഫോമില്‍ തുടരുകയും ഫിറ്റ്‌നസ് നിലനിര്‍ത്തുകയും വേണം, അവസരങ്ങള്‍ വരും' പരഞ്ജപെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ സര്‍ഫറാസ് റിസര്‍വ് താരമായിരിക്കുമെന്ന് പരഞ്ജപെ വിലയിരുത്തുന്നു.
'റിസര്‍വ് താരമായി അവനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്ന് എനിക്ക് തോന്നുന്നു. നിങ്ങള്‍ക്ക് പതിനൊന്ന് കളിക്കാരെ മാത്രമേ കളിപ്പിക്കാന്‍ കഴിയൂ. അതിനാല്‍ ടീമില്‍, മികച്ച പതിനൊന്ന് പേരെ തിരഞ്ഞെടുക്കുന്നു. സര്‍ഫറാസ് മതിയായവനല്ല എന്നല്ല; ഇപ്പോള്‍ ആ സ്ഥാനങ്ങള്‍ക്ക് വളരെയധികം മത്സരമുണ്ട് എന്നതാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 16 ന് ബെംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ആരംഭിക്കും. പിന്നീട് പൂനെയിലും മുംബൈയിലുമായിരിക്കും മറ്റ് രണ്ട് ടെസ്റ്റുകള്‍.
ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യയുടെ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.