കിവീസിനെതിരെ രാഹുലിന് അഗ്നിപരീക്ഷ, ഓസീസില്‍ ആ സൂപ്പര്‍ താരത്തെ കളിപ്പിക്കില്ല
ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന് വൈകുകയാണല്ലോ ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം ഉപേക്ഷിച്ച് കഴിഞ്ഞു. ഇനിയുളള ദിനങ്ങളില്‍ മത്സരം നടക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയ്ക്ക് മുന്നോടിയായുള്ള മുന്നൊരുക്കമായാണ് ഇന്ത്യ-ന്യൂസിലന്‍ഡ് പരമ്പരയെ പരിഗണിക്കുന്നത്. പൂനെ, മുംബൈ എന്നിവിടങ്ങളിലായാണ് മറ്റ് രണ്ട് ടെസ്റ്റുകള്‍. ഡബ്ല്യുടിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ ഈ പരമ്പര 3-0ന് ജയിച്ചാല്‍ അടുത്ത ജൂണില്‍ ലോര്‍ഡ്‌സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സ്ഥാനം ഏതാണ്ട് ഉറപ്പിക്കും.
ബംഗ്ലാദേശിനെതിരെ 2-0 ന് വിജയിച്ച ഇന്ത്യന്‍ ടീം മറ്റൊരു സമ്പൂര്‍ണ്ണ പരമ്പര വിജയമാണ് ലക്ഷ്യമിടുന്നത്. വിരാട്, രോഹിത്, രാഹുല്‍ തുടങ്ങിയ ടോപ് ഓര്‍ഡര്‍ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാകും.
രാഹുലിന് ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം സര്‍ഫറാസ് ഖാന്‍ ടീമിലെത്തും.
പരിക്കേറ്റ മുഹമ്മദ് ഷമി ഈ പരമ്പരയുടെ ഭാഗമല്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഷമി കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. രോഹിത്ത് നല്‍കുന്ന സൂചന പ്രകാരം ഷമി ഓസീസ് പര്യടനത്തില്‍ കളിക്കില്ല.
'ഷമിയെ വിളിക്കുന്നത് ഞങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ഫിറ്റ്‌നസ് ആകുന്നതിന് അടുത്തിരിക്കെ അവന്റെ കാല്‍മുട്ടിന് വീണ്ടും ബുദ്ധിമുട്ട് ഉണ്ടായി. സെറ്റ് ആകാത്ത ഷമിയെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവന്‍ അനുയോജ്യന്‍ ആണെങ്കില്‍ മാത്രമേ കളത്തില്‍ ഇറക്കൂ,' രോഹിത് ശര്‍മ പറഞ്ഞു.