രോഹിത്ത് ക്യാപ്റ്റന്‍സി ഉപേക്ഷിക്കും, വമ്പന്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ സൂപ്പര്‍ താരം
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മോശം ഫോമില്‍ തുടരുന്ന രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ക്രിക്കറ്റ് ഇതിഹാസവുമായ സുനില്‍ ഗാവസ്‌കര്‍. 1-1 എന്ന നിലയില്‍ തുടരുന്ന പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം രോഹിത് ക്യാപ്റ്റന്‍സിയില്‍ നിന്ന് വിരമിച്ചേക്കാമെന്നാണ് ഗവാസ്‌കര്‍ തുറന്നടിച്ചത്.
രോഹിത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ തുടര്‍ച്ചയായി നാല് ടെസ്റ്റുകള്‍ തോറ്റിരുന്നു. ഇതില്‍ ന്യൂസിലന്‍ഡിനെതിരായി സ്വന്തം നാട്ടില്‍ 3-0 ന്റെ തോല്‍വിയും ഉള്‍പ്പെടുന്നു. ബാറ്റിംഗിലും രോഹിത്ത് ദയനീയ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 2024-25 സീസണില്‍ 11 ഇന്നിംഗ്‌സുകളില്‍ നിന്ന് 11.69 ശരാശരിയില്‍ 152 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. പെര്‍ത്ത് ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന രോഹിത് ഈ പരമ്പരയില്‍ ഇതുവരെ മൂന്ന് ഇന്നിംഗ്‌സുകളില്‍ നിന്ന് 19 റണ്‍സ് മാത്രമാണ് നേടാനായത്.
അവസാന രണ്ട് ടെസ്റ്റുകളില്‍ കളിക്കാന്‍ രോഹിത്തിന് അവസരം ലഭിക്കുമെന്നും എന്നാല്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം സ്വയം തീരുമാനമെടുക്കുമെന്നും ഗാവസ്‌കര്‍ വിലയിരുത്തുന്നു.
'രോഹിത് ഒരു ഉത്തരവാദിത്തമുള്ള ക്രിക്കറ്റ് താരമാണ്. ടീമിന് ഭാരമാകാന്‍ അദ്ദേഹം ആഗ്രഹിക്കില്ല. ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധിക്കുന്നു. അടുത്ത രണ്ട് മത്സരങ്ങളില്‍ റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം സ്വയം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും' ഗാവസ്‌കര്‍ എബിസി സ്‌പോര്‍ട്‌സിനോട് പറഞ്ഞു.
രോഹിത്തിന് ശേഷം ജസ്പ്രീത് ബുംറ ക്യാപ്റ്റനാകുമെന്നാണ് സൂചന. ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരും ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മത്സരത്തിലുണ്ട്.
അടുത്ത വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയുടെ അടുത്ത ദൗത്യം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയാല്‍ ജൂണ്‍ 11 ന് ലോര്‍ഡ്സിലാണ് മത്സരം.