ഗോൾ നിഷേധിച്ചതിനേക്കാൾ ഗുരുതരമായ സംഭവങ്ങളാണ് അരങ്ങേറിയത്, വിമർശനവുമായി അർജന്റീന നായകനും പരിശീലകനും
ഒളിമ്പിക്‌സിലെ ആദ്യത്തെ മത്സരത്തിൽ സംഭവബഹുലമായ രീതിയിലാണ് അർജന്റീന തോൽവി വഴങ്ങിയത്. മൊറോക്കോക്കെതിരെ സമനില ഗോൾ ഇഞ്ചുറി ടൈമിന്റെ അവസാനമിനുട്ടിൽ നേടിയെങ്കിലും അതിനു പിന്നാലെ കാണികൾ അക്രമം കാണിച്ചതിനെ തുടർന്ന് മത്സരം നിർത്തിവെച്ചു. ഒന്നര മണിക്കൂറിനു ശേഷം മത്സരം വീണ്ടും ആരംഭിച്ചപ്പോൾ അർജന്റീനയുടെ ഗോൾ നിഷേധിക്കുകയും മൊറോക്കോ വിജയം നേടുകയും ചെയ്‌തു.
ഫുട്ബോളിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് ഇന്നലെ നടന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അർജന്റീനയുടെ ഗോൾ നിഷേധിച്ചതിനൊപ്പം ഒളിമ്പിക്‌സ് മത്സരങ്ങൾക്ക് സുരക്ഷയൊരുക്കിയ കാര്യത്തിലാണ് ഏവരും വിമർശനം ഉന്നയിക്കുന്നത്. അത്രയും ഭീതിപ്പെടുത്തുന്ന രീതിയിലാണ് മൊറോക്കൻ ആരാധകർ അർജന്റീന താരങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.
സമനില ഗോൾ പിറന്നതിനു പിന്നാലെ മൊറോക്കൻ ആരാധകർ കുപ്പികളും ഫയർ ക്രാക്കറുകളും അർജന്റീന താരങ്ങൾക്കു നേരെ പ്രയോഗിക്കുകയായിരുന്നു. അതിനു പുറമെ മൈതാനത്തേക്ക് ഇറങ്ങാനും കാണികൾ ശ്രമിച്ചു. ഒടുവിൽ കാണികളെ മുഴുവൻ ഒഴിപ്പിച്ചതിനു ശേഷമാണ് മത്സരം വീണ്ടും ആരംഭിച്ചത്. അപ്പോൾ തന്നെയാണ് അർജന്റീനയുടെ ഗോൾ നിഷേധിച്ച വിവരവും വ്യക്തമാക്കുന്നത്.
മത്സരത്തിന് ശേഷം അർജന്റീന നായകൻ ഓട്ടമെൻഡിയും പരിശീലകൻ മഷെറാനോയും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത അസാധാരണമായ കാര്യങ്ങളാണ് ഉണ്ടായതെന്നും ഇത് നാണക്കേടാണെന്നുമാണ് അവർ പറഞ്ഞത്. അതിനു പുറമെ താരങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും അർജന്റീന താരങ്ങളുടെ ചില സാധനങ്ങൾ മോഷണം പോയെന്നും അവർ പറഞ്ഞു.
ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനക്ക് ഇനി ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും മുന്നേറാൻ അടുത്ത രണ്ടു മത്സരങ്ങളും വിജയിക്കേണ്ടത് അനിവാര്യമാണ്. ഏഷ്യയിലെ കരുത്തുറ്റ ടീമായ ഇറാന് പുറമെ യുക്രൈൻ ആണ് അർജന്റീനയുടെ അടുത്ത എതിരാളികൾ. മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ മുന്നേറാൻ അർജന്റീനക്ക് കഴിയില്ല.