സഞ്ജു നീതിമാനായിരുന്നു, എന്തൊരു സന്തുലിതമായാണവന്‍ ടീമംഗങ്ങളെ തെരഞ്ഞെടുത്തത്, തുറന്ന് പറഞ്ഞ് ദ്രാവിഡ്
ഐപിഎല്‍ ലേലത്തിന് മുമ്പുള്ള താരങ്ങളുടെ റിട്ടന്‍ഷനെ കുറിച്ച് തുറന്ന് സംസാരിച്ച് രാജസ്ഥാന്‍ റോയല്‍സ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുന്നത്.
സഞ്ജു ടീമിന്റെ ബാറ്ററും വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായതിനാല്‍ അദ്ദേഹത്തെ ആദ്യം നിലനിര്‍ത്തുന്നതില്‍ യാതൊരു സംശയവുമില്ലായിരുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു. വര്‍ഷങ്ങളായി ടീമിനെ നയിക്കുന്ന സഞ്ജു ഭാവിയിലും രാജസ്ഥാനെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തണം എന്ന കാര്യത്തില്‍ സഞ്ജുവിന്റെ അഭിപ്രായവും നിര്‍ണായകമായിരുന്നുവെന്ന് ദ്രാവിഡ് വ്യക്തമാക്കി.
ടീമിലെ എല്ലാ കളിക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന സഞ്ജുവിന് ആരെയെങ്കിലും ഒഴിവാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് ദ്രാവിഡ് പറഞ്ഞു. എന്നിരുന്നാലും, വളരെ സന്തുലിതമായ അഭിപ്രായമാണ് സഞ്ജു പങ്കുവെച്ചതെന്നും ദ്രാവിഡ് അദ്ദേഹത്തെ അഭിനന്ദിച്ചു. ഓരോ കളിക്കാരന്റെയും മികവും പോരായ്മകളും സൂക്ഷ്മമായി വിലയിരുത്തിയാണ് ടീം തീരുമാനമെടുത്തതെന്ന് ദ്രാവിഡ് വ്യക്തമാക്കി.
കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് രാജസ്ഥാന്‍ റോയല്‍സ് അടുത്ത സീസണിനെ നേരിടുന്നതെന്ന് ദ്രാവിഡ് പറഞ്ഞു. എന്നാല്‍ മറ്റ് കരുത്തുറ്റ ടീമുകളുടെ സാന്നിധ്യവും ആര്‍ടിഎം നിയമത്തിലെ മാറ്റങ്ങളും വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലേലത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനാണ് ടീം ആഗ്രഹിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. 18 കോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ നിലനിര്‍ത്തിയത്. യശസ്വി ജയ്സ്വാളിനെയും 18 കോടി രൂപയ്ക്ക് ടീം നിലനിര്‍ത്തി.