Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

അസാദാരണം, നാടകീയം, ഡല്‍ഹി ഇന്ന് കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച്ചകള്‍

06:23 PM Jan 30, 2025 IST | Fahad Abdul Khader
Updated At : 06:23 PM Jan 30, 2025 IST
featuredImage featuredImage
Advertisement

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ അസാമാന്യ ജനപ്രീതിക്ക് മുന്നില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം വ്യാഴാഴ്ച സാക്ഷ്യം വഹിച്ചത് അഭൂതപൂര്‍വമായ കാഴ്ചകള്‍ക്ക്. ഡല്‍ഹിയും റെയില്‍വേയും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം കാണാന്‍ രാവിലെ മുതല്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞു.

Advertisement

കോഹ്ലിയുടെ തിരിച്ചുവരവ് കാണാന്‍ ഏകദേശം 10,000 പേര്‍ എത്തുമെന്നായിരുന്നു ഡിഡിസിഎയുടെ കണക്കുകൂട്ടല്‍. എന്നാല്‍ കോഹ്ലിയുടെ ആകര്‍ഷണീയത അതിനെയും കടത്തിവെട്ടി. രാവിലെ 9.30ന് മത്സരം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവാഹമായിരുന്നു.

ആദ്യം 6,000 പേര്‍ക്ക് ഇരിക്കാവുന്ന ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡ് മാത്രമാണ് ഡിഡിസിഎ തുറന്നത്. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നപ്പോള്‍ 11,000 പേര്‍ക്ക് ഇരിക്കാവുന്ന ബിഷന്‍ സിംഗ് ബേഡി സ്റ്റാന്‍ഡും തുറക്കേണ്ടി വന്നു.

Advertisement

'രഞ്ജി ട്രോഫിയില്‍ ഇതുപോലൊന്ന് ഞാന്‍ കണ്ടിട്ടില്ല. എന്റെ കളിക്കാലത്ത് ആഭ്യന്തര ക്രിക്കറ്റ് കാണാന്‍ ആരും വരാറുണ്ടായിരുന്നില്ല. ഇതെല്ലാം ഒരാള്‍ മാത്രം കൊണ്ടാണ്' ഒരു മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം അതേ സമയം സ്റ്റേഡിയത്തിന് സമീപത്തുകൂടി കടന്നുപോയതും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി.

'30 വര്‍ഷത്തിലേറെയായി ഞാന്‍ ഡല്‍ഹി ക്രിക്കറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ രഞ്ജി ട്രോഫിക്ക് ഇത്രയും ആരാധകരെ ഞാന്‍ കണ്ടിട്ടില്ല. കോഹ്ലിയുടെ ജനപ്രീതിക്ക് അതിരില്ലെന്ന് ഇത് കാണിക്കുന്നു,' ഡിഡിസിഎ സെക്രട്ടറി അശോക് ശര്‍മ പറഞ്ഞു.

സ്റ്റേഡിയത്തിന് പുറത്ത് നേരിയ സങ്കര്‍ഷം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. അധിക ഗേറ്റുകള്‍ തുറന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കി.

2013ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചപ്പോഴാണ് ഇതിന് മുമ്പ് ഒരു ആഭ്യന്തര മത്സരത്തിന് ഇത്രയും ആരാധകരെത്തിയത്.

ടോസ് സമയത്ത് 12,000ത്തിലധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. 'കോഹ്ലി, കോഹ്ലി' എന്ന മുദ്രാവാക്യം വിളികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. ഡല്‍ഹി ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്തതിനാല്‍ കോഹ്ലിയെ ഉടന്‍ ബാറ്റ് ചെയ്യാന്‍ കാണാനായില്ല. എന്നാല്‍ കോഹ്ലിയുടെ സാന്നിധ്യം മാത്രം മതിയായിരുന്നു ആരാധകരെ ആവേശത്തിലാഴ്ത്താന്‍.

സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ കോഹ്ലിയുടെ ഓരോ നീക്കത്തിനും ആരാധകര്‍ ആരവം മുഴക്കി. 12-ാം ഓവറില്‍ ഒരു ആരാധകന്‍ സുരക്ഷാ വലയം ഭേദിച്ച് കോഹ്ലിയുടെ അടുത്തേക്ക് ഓടിയെത്തി കാലില്‍ തൊട്ടു.

സ്വന്തം ജനപ്രീതിയെക്കുറിച്ച് നന്നായി അറിയാവുന്ന കോഹ്ലി, ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു. സ്‌കൂള്‍ കുട്ടികള്‍, വനിതാ ക്രിക്കറ്റ് താരം, വീട്ടമ്മമാര്‍ തുടങ്ങി എല്ലാ വിഭാഗത്തില്‍ പെട്ടവരും കോഹ്ലിയെ കാണാന്‍ എത്തിയിരുന്നു.

'കോഹ്ലിയെ കാണാന്‍ വേണ്ടി ഞങ്ങള്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങി വന്നതാണ്,' നാല് കുട്ടികളുടെ ഒരു സംഘം പറഞ്ഞു. കോഹ്ലി ഉടന്‍ ബാറ്റ് ചെയ്യില്ലെന്ന് അറിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: 'കുഴപ്പമില്ല, ഞങ്ങള്‍ ഫീല്‍ഡിംഗ് കാണും.'

ആരാധകര്‍ രാവിലെ 6 മണി മുതല്‍ സ്റ്റേഡിയത്തിലേക്ക് എത്തിത്തുടങ്ങിയിരുന്നു. 'രാവിലെ 6 മണിക്ക് ഞാന്‍ എന്റെ മകനോടൊപ്പം ഇവിടെ വന്നു. ഏത് ഗേറ്റിലൂടെ പ്രവേശിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. കോഹ്ലിയെ കാണാനാണ് ഞങ്ങള്‍ വന്നതെന്ന് പറയേണ്ടതില്ലല്ലോ,' ഒരു വീട്ടമ്മ പറഞ്ഞു.

ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ മോശം ഫോമിന് ശേഷം കോഹ്ലി തിരിച്ചുവരുന്നത് കാണാനാണ് താന്‍ വന്നതെന്ന് കോഹ്ലിയുടെ പേര് വിളിച്ചുകൊണ്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ച ഒരു യുവാവ് പറഞ്ഞു.

'അദ്ദേഹം ഒരു സെഞ്ച്വറി നേടിയില്ലെങ്കില്‍ ആരാധകര്‍ വളരെ നിരാശരാകും. എല്ലാവരും ഇവിടെ വന്നിരിക്കുന്നത് അദ്ദേഹത്തെ കാണാനാണ്. സാധാരണയായി ഒരു രഞ്ജി മത്സരത്തിന് ഇത്രയും തിരക്ക് ഉണ്ടാകാറില്ല,' അദ്ദേഹം പറഞ്ഞു.

കോഹ്ലിയുടെ പേര് വിളികള്‍ ഓരോ നിമിഷവും മുഴങ്ങിക്കേട്ടപ്പോള്‍, ഒരു സാധാരണ രഞ്ജി മത്സരത്തെ ഒരു ഉത്സവമാക്കി മാറ്റിയത് ഒരാള്‍ മാത്രമാണെന്ന് പറയുന്നതില്‍ തെറ്റില്ല.

Advertisement