വിജയാഘോഷം അതിരുകടന്നു; ഇറ്റാലിയൻ ആരാധകന് ജീവൻ നഷ്ടമായി, നിരവധി പേർക്ക് പരിക്ക്
ഇറ്റലിയുടെ ഐതിഹാസികമായ യൂറോ വിജയത്തിന്റെ ആഹ്ളാദപ്രകടനം അക്രമാസക്തമാവുന്നതായി റിപ്പോർട്ടുകൾ. ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാനിൽ ആൾകൂട്ടം നടത്തിയ പ്രകടനത്തിൽ പതിനഞ്ചിലധികം പേർക്ക് പരിക്കേറ്റു. അതിനിടെ ആഹ്ളാദപ്രകടനത്തിന് ഇടെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്‌തിട്ടുണ്ട്. ഫോഗിയയിൽ തെരുവിൽ കലഹം നടക്കുന്നതിനിടെ ഒരാൾ ആൾക്കൂട്ടത്തിലേക്ക് വെടിയുതിർത്തത് സ്ഥിതിഗതികൾ വഷളാക്കുകയും ചെയ്‌തു.
വിജയാഘോഷത്തിൽ പങ്കെടുക്കാൻ നഗരത്തിലേക്ക് വന്നുകൊണ്ടിരുന്ന 22കാരനാണ് സിസിലിയിലെ കാൽറ്റഗിറോണിലുണ്ടായ വാഹനാപകടത്തിൽ മരിച്ചതെന്നാണ് വിവരം. മിലാനിൽ പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നതായാണ് വിവരം. അതിനിടെ വിജയാഘോഷത്തിൻറെ ഭാഗമായി പൊട്ടിച്ച പടക്കം കൈയിൽ ഇരുന്ന് പൊട്ടി ആരാധകന്റെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ടു.
യൂറോ ഫൈനലിൽ നിശ്ചിത സമയത്തും, അധിക സമയത്തും, ഇരു ടീമുകളും സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. ഇറ്റാലിയൻ താരങ്ങളായ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഇംഗ്ലണ്ടിന്റെ യുവനിരക്ക് സമ്മർദ്ധം അതിജീവിക്കാനായില്ല.
ഇംഗ്ലീഷ് യുവതാരങ്ങളായ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നിവരുടെ കിക്കുകൾ ഇറ്റാലിയൻ ഹീറോ ഡോണാരുമ്മ തട്ടിയകറ്റിയതോടെയാണ് അസൂറികൾ രണ്ടാമത്തെ യൂറോ കിരീടം മുത്തമിട്ടത്.