ഒരു ഓവര്‍ മാത്രം നല്‍കി വിഘ്നേഷിനെ പുറത്താക്കി; ഹാര്‍ദ്ദിക്കിനെതിരെ രോഷം
വാങ്കഡെ സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ ടീമിന്റെ തന്ത്രങ്ങളെ വിമര്‍ശിച്ച് ആരാധകരും ക്രിക്കറ്റ് വിദഗ്ധരും രംഗത്ത്. മത്സരത്തില്‍ വെറും ഒരൊവര്‍ മാത്രം എറിഞ്ഞ വിക്കറ്റ് നേടിയ യുവ സപിന്നര്‍ വിഘ്നേഷ് പുത്തൂരിനെ പിന്നീട് കളിപ്പിക്കാതിരുന്നതാണ് പ്രധാന വിമര്‍ശനത്തിന് കാരണം.
ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന്റെ അപകടകാരിയായ ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ തന്റെ ആദ്യ ഓവറില്‍ തന്നെ വിഘ്നേഷ് പുറത്താക്കിയിരുന്നു. തകര്‍പ്പന്‍ ഫോമില്‍ കളിക്കുകയായിരുന്ന പടിക്കലിനെ (22 പന്തില്‍ 37) വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് വിഘ്നേഷ് മടക്കിയത്. നിര്‍ണായകമായ വിക്കറ്റ് നേടിയതിന് ശേഷവും വിഘ്നേഷിന് പിന്നീട് ഒരൊവര്‍ പോലും എറിയാന്‍ അവസരം ലഭിച്ചില്ല.
പതിനഞ്ചാം ഓവറായപ്പോഴേക്കും വിഘ്നേഷിനെ കളത്തില്‍ നിന്ന് പിന്‍വലിക്കുകയും പകരം രോഹിത് ശര്‍മ്മയെ ഇംപാക്ട് പ്ലെയറായി ഇറക്കുകയും ചെയ്തു. മികച്ച തുടക്കം നല്‍കിയ ഒരു ബൗളറെ പെട്ടെന്ന് പിന്‍വലിച്ചത് എന്തിനാണെന്ന് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നു. വിഘ്നേഷിന് കൂടുതല്‍ ഓവറുകള്‍ നല്‍കിയിരുന്നെങ്കില്‍ മത്സരഫലം മാറിയേക്കാമെന്നും പലരും അഭിപ്രായപ്പെടുന്നു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തിലും സമാനമായ ഒരു തന്ത്രം മുംബൈ പരീക്ഷിച്ചിരുന്നു. അന്ന് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ തിലക് വര്‍മ്മയെ (23 പന്തില്‍ 25) പിന്‍വലിച്ച് മിച്ചല്‍ സാന്റ്നറെ ബാറ്റിംഗിന് ഇറക്കിയതും വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇത്തരത്തിലുള്ള അസാധാരണമായ തന്ത്രങ്ങള്‍ പരീക്ഷിക്കുന്നത് ടീമിന്റെ തോല്‍വിക്ക് കാരണമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച മുംബൈ നാലിലും പരാജയപ്പെട്ടത് അവരുടെ തന്ത്രപരമായ പിഴവുകള്‍ കൊണ്ടാണോ എന്ന് വരും മത്സരങ്ങളില്‍ ഉറ്റുനോക്കേണ്ടിയിരിക്കുന്നു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാതെയും, മികച്ച പ്രകടനം കാഴ്ചവെച്ചവരെ പെട്ടെന്ന് മാറ്റിയും കളിക്കുന്നത് ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കാനിടയുണ്ട്.