അശ്വിന്റെ വിരമിക്കല്‍, ടീം ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി അശ്വിന്റെ പിതാവ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പിന്‍ മാന്ത്രികന്‍ ആര്‍. അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഈ തീരുമാനത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇതിനിടെ ഇക്കാര്യത്തില്‍ ചില ഗുരുതര വെളിപ്പെടുത്തലുമായി അശ്വിന്റെ പിതാവ് രവിചന്ദ്രന്‍ രംഗത്തെത്തി.
തുടര്‍ച്ചയായി പ്ലേയിംഗ് ഇലവനില്‍ നിന്ന് അശ്വിനെ തഴഞ്ഞത് അദ്ദേഹത്തിന് അപമാനകരമായി തോന്നിയിരിക്കാമെന്നും അതാകാം വിരമിക്കലിന് പിന്നിലെ പ്രധാന കാരണമെന്നും രവിചന്ദ്രന്‍ സൂചിപ്പിച്ചു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍, അശ്വിന്റെ വിരമിക്കല്‍ തീരുമാനം തനിക്ക് പോലും അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
'മികച്ച റെക്കോര്‍ഡുകള്‍ ഉണ്ടായിട്ടും പലപ്പോഴും പ്ലേയിംഗ് ഇലവനില്‍ നിന്ന് അവനെ ഒഴിവാക്കുന്നത് അവന് അപമാനകരമായി തോന്നിയിട്ടുണ്ടാകാം. വിരമിക്കലിനെക്കുറിച്ച് അവന്‍ മുന്‍പ് സൂചിപ്പിച്ചിരുന്നെങ്കിലും ഇത്ര പെട്ടെന്ന് തീരുമാനമെടുക്കുമെന്ന് കരുതിയിരുന്നില്ല. ടീമില്‍ നിന്ന് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതിന്റെ മനോവിഷമം അവനെ വല്ലാതെ ബാധിച്ചിരിക്കണം' രവിചന്ദ്രന്‍ പറയുന്നു.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ഉറപ്പാക്കണമെന്ന് അശ്വിന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അത് പാലിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യങ്ങളാകാം അശ്വിനെ വിരമിക്കല്‍ തീരുമാനത്തിലേക്ക് നയിച്ചതെന്ന് രവിചന്ദ്രന്‍ സൂചിപ്പിച്ചു.
അശ്വിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ഒരു വലിയ നഷ്ടമാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ 489 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹം ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ്.