ധോണിയ്ക്ക് മാത്രമാണ് യഥാര്‍ത്ഥ ആരാധകര്‍, ബാക്കിയെല്ലാം പെയ്ഡ്, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആരാധകരെക്കുറിച്ചുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങിന്റെ വിവാദപരമായ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഭാവിയെക്കുറിച്ച് സംസാരിക്കവെയാണ് ഹര്‍ഭജന്‍ സിംഗ് വിവാദ പരാമര്‍ശം നടത്തിയത്.
ധോണിയുടെ ആരാധകര്‍ അദ്ദേഹത്തെ മറ്റൊരു ഐപിഎല്‍ സീസണില്‍ കൂടി കാണാന്‍ ആഗ്രഹിക്കുന്നുവെന്നും ധോണിയുടെ ആരാധകവൃന്ദത്തെ പ്രശംസിച്ചുകൊണ്ട് ഹര്‍ഭജന്‍ പറഞ്ഞു. ധോണിക്ക് മാത്രമാണ് യഥാര്‍ത്ഥ ആരാധകരുള്ളതെന്നും, മറ്റ് ക്രിക്കറ്റ് താരങ്ങളുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പണം കൊടുത്തുണ്ടാക്കിയവരാണെന്നും ഹര്‍ഭജന്‍ സിംഗ് കുറ്റപ്പെടുത്തുന്നു.
ഹര്‍ഭജന്റെ ഈ പരാമര്‍ശം വിരാട് കോഹ്ലി ആരാധകരെ ചൊടിപ്പിച്ചു. ഇത് ഇന്ത്യന്‍ ഇതിഹാസമായ വിരാട് കോഹ്ലിയെ പരിഹസിക്കുന്നതിന് തുല്യമാണെന്നാണ് അവരുടെ വാദം.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി - കെകെആര്‍ മത്സരം നടക്കാനുളള മുന്നൊരുക്കത്തിനിടെ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍ സിംഗ്.
'അദ്ദേഹത്തിന് കഴിയുന്നിടത്തോളം കാലം കളിക്കാം. ഇത് എന്റെ ടീമായിരുന്നെങ്കില്‍ ഞാന്‍ മറ്റൊരു തീരുമാനമെടുക്കുമായിരുന്നു. ആരാധകര്‍ അദ്ദേഹത്തെ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് മാത്രമാണ് യഥാര്‍ത്ഥ ആരാധകരുള്ളത്. ബാക്കിയുള്ളവരെല്ലാം സോഷ്യല്‍ മീഡിയയില്‍ പണം കൊടുത്തുണ്ടാക്കിയവരാണ്. അതിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ ചര്‍ച്ച മറ്റൊരു ദിശയിലേക്ക് പോകും' ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.
പാനലില്‍ ഉണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര ഹര്‍ഭജന്റെ പരാമര്‍ശത്തില്‍ ചിരിച്ചു. 'ഇത്രയും സത്യം പറയേണ്ട ആവശ്യമില്ലായിരുന്നു,' ആകാശ് ചോപ്ര പറഞ്ഞു. അതിന് ഹര്‍ഭജന്‍ സിംഗ് ഇങ്ങനെ മറുപടി നല്‍കി: 'ആരെങ്കിലും പറയണമല്ലോ.'
വിരാട് കോഹ്ലിക്ക് ആരാധകരുടെ ആദരം
അതേസമയം, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വിരാട് കോഹ്ലിക്ക് ആദരമര്‍പ്പിക്കാന്‍ ആര്‍സിബി ആരാധകര്‍ വലിയ തോതില്‍ ചിന്നസ്വാമിയില്‍ എത്തിയിരുന്നു. വിരാട് കോഹ്ലിയുടെ ടെസ്റ്റ് കരിയര്‍ ആഘോഷിക്കാന്‍ ചിന്നസ്വാമിയെ ഒരു വെള്ളക്കടലാക്കി മാറ്റാന്‍ ആരാധകര്‍ കാമ്പയിന്‍ നടത്തിയിരുന്നു. ആയിരക്കണക്കിന് ആരാധകര്‍ വെള്ള ജേഴ്‌സി ധരിച്ചാണ് കോഹ്ലിക്ക് ആദരമര്‍പ്പിക്കാന്‍ സ്റ്റേഡിയത്തില്‍ എത്തിയത്. എന്നാല്‍ മഴ കാരണം മത്സരം ഉപേക്ഷിച്ചതിനാല്‍ വിരാട് കോഹ്ലിയുടെ കളി കാണാന്‍ ആരാധകര്‍ക്ക് സാധിച്ചില്ല.