ജയ്സ്വാള്‍ സ്റ്റാര്‍ക്കിനെ പൊരിച്ചു; ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ്
സിഡ്നി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ യശസ്വി ജയ്സ്വാള്‍ ഇന്ത്യയ്ക്ക് മിന്നല്‍ തുടക്കമാണ് നല്‍കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സാണ് ജയ്സ്വാള്‍ അടിച്ചെടുത്തത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സിന്റെ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ജയ്‌സ്വാള്‍ സ്വന്തമാക്കി.
സ്റ്റാര്‍ക്കിന്റെ ആദ്യ പന്ത് ഒഴിവാക്കി വിട്ട ശേഷം തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ നേടിയ ജയ്സ്വാള്‍, ഓവറിന്റെ അവസാന പന്തിലും ബൗണ്ടറി നേടി.
2005-ല്‍ കൊല്‍ക്കത്ത ടെസ്റ്റില്‍ വീരേന്ദ്ര സേവാഗ് നേടിയ 13 റണ്‍സിന്റെ റെക്കോര്‍ഡാണ് ജയ്സ്വാള്‍ മറികടന്നത്. 2023-ല്‍ നാഗ്പൂര്‍ ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സിനെതിരെ രോഹിത് ശര്‍മയും 13 റണ്‍സ് നേടിയിരുന്നു.
അതെസമയം ഈ തകര്‍പ്പന്‍ തുടക്കം ജയ്‌സ്വാളിന് മുതലാക്കാനായില്ല. 35 പന്തില്‍ നിന്ന് 22 റണ്‍സ് നേടിയ ജയ്സ്വാളിനെ സ്‌കോട്ട് ബോളണ്ട് പുറത്താക്കി.
തന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ 391 റണ്‍സാണ് ജയ്സ്വാള്‍ തിളങ്ങിയത്. പെര്‍ത്ത് ടെസ്റ്റില്‍ 161 റണ്‍സിന്റെ മികച്ച ഇന്നിംഗ്‌സ് കളിച്ച ജയ്സ്വാള്‍, ബോക്‌സിംഗ് ഡേ ടെസ്റ്റിലും 166 റണ്‍സ് നേടിയിരുന്നു. നിലവില്‍ ട്രാവിസ് ഹെഡിന് ശേഷം പരമ്പരയിലെ രണ്ടാമത്തെ ടോപ് സ്‌കോററാണ് ജയ്സ്വാള്‍.