റൊണാൾഡോ ബ്രസീലിനു വേണ്ടി കളിച്ചിരുന്നെങ്കിൽ രണ്ടു ലോകകപ്പ് നേടുമായിരുന്നുവെന്ന് അർജന്റൈൻ അനലിസ്റ്റ്
അന്താരാഷ്ട്രഫുട്ബോളിൽ റൊണാൾഡോക്ക് കിരീടങ്ങൾ കുറവായതിന്റെ കാരണം താരം പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി കളിക്കുന്നതു കൊണ്ടാണെന്ന് അർജന്റീനിയൻ അനലിസ്റ്റ് ഓസ്‌വാൾഡോ. ക്ലബ് ഫുട്ബോളിൽ ചരിത്രം തിരുത്തിയെഴുതുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണെങ്കിലും ദേശീയ ഫുട്ബോളിൽ അതുപോലെ ആവർത്തിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.
ഒരു യൂറോ കപ്പ് കിരീടവും ഒരു നേഷൻസ് ലീഗും റൊണാൾഡോ പോർചുഗലിനൊപ്പം നേടിയിട്ടുണ്ടെങ്കിലും ലോകകപ്പ് നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കുമ്പോഴാണ് പോർച്ചുഗൽ ടീമാണ് അതിനു കാരണമെന്ന് ഓസ്‌വാൾഡോ പറഞ്ഞത്. റൊണാൾഡോ ബ്രസീലിയൻ താരമായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങിനെ സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"മത്സരിക്കാനുള്ള സ്വഭാവം ഉള്ളിലില്ലാത്ത പോർച്ചുഗൽ പോലെയൊരു രാജ്യത്ത് പിറന്നത് റൊണാൾഡോയുടെ കുറ്റമല്ല. അവിടെ ഫുട്ബോൾ പാരമ്പര്യവുമില്ലാത്ത സ്ഥലമാണ്. അതിനു പകരം ബ്രസീലിലാണ് റൊണാൾഡോ ജനിച്ചിരുന്നതെങ്കിൽ രണ്ടു ലോകകപ്പുകൾ താരം സ്വന്തമാക്കിയേനെ." ഒസ്‌വാൾഡോ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ ലോകകപ്പിൽ മികച്ച സ്‌ക്വാഡ് ഉണ്ടായിട്ടും പോർച്ചുഗലിനു മുന്നേറാൻ കഴിഞ്ഞിരുന്നില്ല. റൊണാൾഡോക്ക് അവസരങ്ങൾ നൽകാതിരുന്ന പരിശീലകന്റെ തീരുമാനവും ചോദ്യം ചെയ്യപ്പെട്ടിരുന്നു. അതിനേക്കാൾ മികച്ച ഫോമിലാണ് പോർച്ചുഗൽ യൂറോ കപ്പിനെത്തുന്നത്. അതുകൊണ്ടു തന്നെ കിരീടം പറങ്കികൾ നേടാനുള്ള സാധ്യതയും കൂടുതലാണ്.