സഞ്ജുവിനെ ശിക്ഷിക്കാന്‍ തീരുമാനിച്ച് സെലക്ടര്‍മാര്‍, ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ 23കാരന്‍ സര്‍പ്രൈസ് വിക്കറ്റ് കീപ്പര്‍
ഈ വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും ഒഴികെയുള്ള എല്ലാ ടീമുകളും അവരുടെ പ്രൊവിഷണല്‍ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഇന്ത്യന്‍ സെലക്ടര്‍മാര്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 15 അംഗ ടീമിനെ പ്രഖ്യാപിച്ചേക്കും. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കുമെന്നതാണ് സെലക്ടര്‍മാര്‍ നേരിടുന്ന പ്രധാന തലവേദന.
ഐസിസി ടൂര്‍ണമെന്റില്‍ റിഷഭ് പന്ത് ആദ്യ തിരഞ്ഞെടുപ്പാകുമെന്ന് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍, രണ്ടാമത്തെ സ്ഥാനത്തേക്ക് മൂന്ന് പേര്‍ പരസ്പരം മത്സരിക്കുന്നു. ധ്രുവ് ജുറേല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കൊപ്പം ഇഷാന്‍ കിഷനും ദുബായിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇടം നേടാന്‍ മത്സരരംഗത്തുണ്ട്.
ഇന്ത്യയുടെ മത്സരങ്ങള്‍ ഒഴികെ ബാക്കി ടൂര്‍ണമെന്റ് പാകിസ്ഥാനിലാണ് നടക്കുന്നത്. ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 23 ന് പാകിസ്ഥാനെതിരെ കളിക്കും.
ഇഷാന്‍ ഇന്ത്യയ്ക്കായി 27 ഏകദിനങ്ങളില്‍ നിന്ന് 42.41 ശരാശരിയില്‍ 933 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കിയതിനെ തുടര്‍ന്ന് കിഷന് ബിസിസിഐയുടെ കേന്ദ്ര കരാര്‍ നഷ്ടമായി.
അതെസമയം ഏകദിനത്തില്‍ സ്വപ്‌ന സമാന പ്രകടനം കാഴ്ച്ചവെച്ചിട്ടുളല സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫി ഒഴിവാക്കിയത് തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാം. 16 ഏകദിന മത്സരങ്ങളില്‍ നിന്ന് 57 ശരാശരിയില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 510 റണ്‍സാണ് സഞ്ജു നേടിയിട്ടുളളത്. എന്നാല്‍ വിജയ് ഹസാരെ ട്രോഫി ഒഴിവാക്കിയതിന് സഞ്ജുവിനെ സെലക്ടര്‍മാര്‍ ശിക്ഷിച്ചേക്കാം എന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടി20 ടീമില്‍ ജുറേലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളില്‍ ജുറേല്‍ ഇന്ത്യയുടെ പദ്ധതികളുടെ ഭാഗമാണെന്ന് സെലക്ടര്‍മാര്‍ സൂചന നല്‍കിയിട്ടുണ്ട്.
ടെസ്റ്റിലും ഏകദിനത്തിലും പന്തിന്റെ പകരക്കാരനായി ജുറേലിനെ പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ടി20യില്‍ സാംസണ്‍ ആയിരിക്കും തിരഞ്ഞെടുപ്പ്.
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫി തിരിച്ചെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാന്‍ ഇത്തവണയും കിരീടത്തിനായുള്ള മത്സരത്തില്‍ ഉണ്ടാകും.