ഒടുവില്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍, റിസ്വാന്‍ ക്യാപ്റ്റന്‍
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) പ്രഖ്യാപിച്ചത്. മുഹമ്മദ് റിസ്വാന്‍ ആണ് പാക് ടീമിനെ നയിക്കുന്നത്. സല്‍മാന്‍ അലി ആഗ ടീമിന്റെ വൈസ് ക്യാപ്റ്റനായിരിക്കും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പാകിസ്ഥാന്റെ അവസാന ഏകദിന പരമ്പരയില്‍ നിന്ന് ചില മാറ്റങ്ങളുണ്ട്. പരിചയസമ്പന്നരായ താരങ്ങളും പുതുമുഖങ്ങളും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ഫാഖര്‍ സമാന്‍ പരിക്ക് മാറി തിരിച്ചെത്തി. ഫഹീം അഷ്റഫ്, ഖുഷ്ദില്‍ ഷാ, സൗദ് ഷക്കീല്‍ എന്നിവരും ടീമിലുണ്ട്. അതേസമയം അബ്ദുല്ല ഷഫീഖ്, മുഹമ്മദ് ഇര്‍ഫാന്‍ ഖാന്‍, സൈം അയ്യൂബ്, സുഫ്യാന്‍ മൊഖീം എന്നിവരെ ടീമില്‍ നിന്ന് പുറത്തായി.
അതെസമയം ശ്രദ്ധേയമായ ഒരു കാര്യം, സ്റ്റാര്‍ ബാറ്റ്സ്മാന്‍ ബാബര്‍ അസം പുതിയ റോളില്‍ കളിയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ സെലക്ഷന്‍ കമ്മിറ്റി അംഗം അസദ് ഷഫീഖ് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ബാബര്‍ അസം ഫാഖര്‍ സമാനോടൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട് എന്നതാണ് അത്. സാഹചര്യങ്ങള്‍ക്കും മത്സര തന്ത്രത്തിനും അനുസരിച്ച് സൗദ് ഷക്കീലിനെയും ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ടി20കകളില്‍ അസമിന്റെ മികച്ച ഓപ്പണിംഗ് പ്രകടനം, കേപ്ടൗണ്‍ ടെസ്റ്റിലെ മികച്ച പ്രകടനം എന്നിവ പരിഗണിച്ചാണ് ഈ ആലോചനയെന്ന് അസദ് ഷഫീഖ് പറഞ്ഞു.
കേപ്ടൗണ്‍ ടെസ്റ്റിനിടെ കണങ്കാലിന് പരിക്കേറ്റ യുവ ഓപ്പണര്‍ സൈം അയ്യൂബിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നുവെന്നും എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ സാധിക്കുമെന്നും പിസിബി അറിയിച്ചു.
ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ഹസ്നെയ്ന്‍ എന്നിവരടങ്ങുന്നതാണ് പാകിസ്ഥാന്റെ പേസ് ആക്രമണം. അബ്രാര്‍ അഹമ്മദാണ് സ്പിന്‍ വിഭാഗത്തെ നയിക്കുന്നത്.
ഫെബ്രുവരി 19-ന് കറാച്ചിയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. തുടര്‍ന്ന് ഫെബ്രുവരി 23-ന് ദുബായില്‍ ഇന്ത്യയുമായി ശക്തമായ പോരാട്ടം നടക്കും.
2025 ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാകിസ്ഥാന്‍ ടീം:
ബാറ്റ്സ്മാന്‍മാരും ഓള്‍റൗണ്ടര്‍മാരും: ബാബര്‍ അസം, ഫാഖര്‍ സമാന്‍, കാംറാന്‍ ഗുലാം, സൗദ് ഷക്കീല്‍, തയീബ് താഹിര്‍, ഫഹീം അഷ്റഫ്, ഖുഷ്ദില്‍ ഷാ, സല്‍മാന്‍ അലി ആഗ
വിക്കറ്റ് കീപ്പര്‍മാര്‍: മുഹമ്മദ് റിസ്വാന്‍ (ഇ), ഉസ്മാന്‍ ഖാന്‍
ബൗളര്‍മാര്‍: അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, മുഹമ്മദ് ഹസ്നെയ്ന്‍