തമ്മില്‍ തല്ലി തകരുന്ന പാകിസ്ഥാനിതാ വിമോചന നായകന്‍, റിസ്വാ ന്‍ എന്ത് മാജിക്കാണ് കാട്ടുന്നത്
ഷെമീന്‍ അബ്ദുല്‍ മജീദ്
' ടീമിലെ 11 പേരും അവരുടേതായ രീതിയില്‍ ക്യാപ്റ്റന്‍മാരാണ് . അവരെ ഒരുമിച്ച് കൊണ്ട് പോകുകയാണ് എന്റെ ഉത്തരവാദിത്വം'……
പാക്കിസ്ഥാന്‍ വൈറ്റ് ബോള്‍ ക്യാപ്റ്റനായ ശേഷമുള്ള മുഹമ്മദ് റിസ്വാന്റെ പ്രസ്താവന ഒരു കോമഡിയായാണ് ആദ്യം കേട്ടപ്പോ തോന്നിയത്. ടീമിനുള്ളില്‍ ഗ്രൂപ്പിസവും ക്യാപ്റ്റനെ പൊക്കിപ്പറയുന്നവരെ മാത്രം കളിപ്പിക്കുന്ന രീതിയും മികച്ച ടാലന്റുകളെ വേഗത്തില്‍ അവസാനിപ്പിക്കുകയും ചെയ്യുന്ന പാക്ക് ക്രിക്കറ്റിലെ മറ്റൊരു തമാശയായിരിക്കും റിസ്വാന്റെ ക്യാപ്റ്റന്‍സി എന്നാണ് കരുതിയിരുന്നതും…..
പക്ഷേ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിക്കൊണ്ടാണ് റിസ്വാന്‍ അമ്പരപ്പിക്കുന്നത്. പരമ്പര നേടിയതിനേക്കാളും അത് നേടിയ രീതിയും ടൂര്‍ണ്ണമെന്റിലുടനീളം പാക്ക് കളിക്കാര്‍ കാണിച്ച ഒത്തൊരുമയും അപ്രതീക്ഷിതമായിരുന്നു. തങ്ങളെ പൊക്കി പറയുന്നവരെ കളിപ്പിക്കുന്നതിന് പകരം എല്ലാ കളിക്കാരും ഒരേപോലെയാണ് എന്ന പ്രസ്താവന കളിക്കാരില്‍ ഉണ്ടാക്കിയിരിക്കുന്ന കോണ്‍ഫിഡന്‍സ് എവിഡന്റാണ്….
ആസ്ഥാന ചെണ്ടയായിരുന്ന ഹാരിസ് റൗഫ് തീ തുപ്പിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഒരു ഏകദിന പരമ്പരയില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാതെ ഓസ്‌ട്രേലിയക്ക് നാണം കെടേണ്ടി വന്നു. ആദ്യ ഏകദിനം കഷ്ടിച്ച് രക്ഷപ്പെട്ടത് കൊണ്ട് വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവായി. രണ്ടും മൂന്നും ഏകദിനങ്ങളില്‍ മാന്‍ ഓഫ് ദി മാച്ചും മാന്‍ ഓഫ് ദി സീരിസും റൗഫ് തന്നെ….
നാണക്കേടിന്റെ പടുകുഴിയില്‍ നിന്നുള്ള തിരിച്ച് കയറ്റത്തിന്റെ ആരംഭം കുറിക്കുന്നത് സെലക്ടറായി പഴയ പടക്കുതിര ആക്വിബ് ജാവേദിന്റെ നിയമനത്തോടെയാണ്. സാധാരണ രീതിയില്‍ പഴയ പാക്ക് കളിക്കാര്‍ തലപ്പത്ത് വന്ന് ടീം കുളം തോണ്ടിയാണ് പോകാറെങ്കിലും കൃത്യമായ പ്ലാനോടെ വന്ന ആക്വിബ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മല്‍സരങ്ങളോടെ കളിക്കാരുടെ കോണ്‍ഫിഡന്‍സില്‍ വലിയ മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. എത്ര ഉന്നതനായാലും പെര്‍ഫോമന്‍സില്ലെങ്കില്‍ ടീമിന് വെളിയിലാകും എന്ന് ബാബര്‍ അസാമിനെ പുറത്താക്കിയതിലൂടെ കൃത്യമായ മെസ്സേജ് കൊടുക്കാനും ആക്വിബിന് കഴിഞ്ഞു……
പാക്കിസ്ഥാന്‍ ഒരു ഉയിര്‍ത്തെഴുനേല്‍പ്പിന്റെ പാതയിലാണ്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ അവര്‍ക്കൊരു ടഫ് കോമ്പറ്റീഷന്‍ കൊടുക്കാന്‍ കഴിഞ്ഞേക്കും …..