ഇതും കടന്ന് പോകും ബേട്ടാ, ബാബറിനെ ചേര്‍ത്ത് പിടിച്ച് സഈദ് അന്‍വര്‍
പാകിസ്ഥാന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബാബര്‍ അസമിന് പിന്തുണയുമായി മുന്‍ ഓപ്പണര്‍ സഈദ് അന്‍വര്‍ രംഗത്ത്. ബാബര്‍ നേരിടുന്ന വെല്ലുവിളികളെ മനസ്സിലാക്കുകയും ഈ തിരിച്ചടി മറികടക്കാനുള്ള അദ്ദേഹത്തിന്റെ കഴിവില്‍ സഈദ് അ്ന്‍വര്‍ വിശ്വാസം പ്രകടിപ്പിച്ചു.
'ഇതും കടന്നുപോകും, ശക്തമായി നില്‍ക്കൂ ബാബര്‍ അസം ബേട്ടാ. ഏതൊരു കരിയറിലും ഇത് സംഭവിക്കാറുണ്ട്, നീ തിരിച്ചുവരും ഇന്‍ഷാ അല്ലാഹ്' അന്‍വര്‍ എക്‌സില്‍ കുറിച്ചു.
എല്ലാ ഫോര്‍മാറ്റുകളിലും പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ബാബര്‍ അസമിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഒഴിവാക്കിയത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. അത്തരം വെല്ലുവിളികള്‍ ഓരോ കായികതാരത്തിന്റെയും ജീവിതത്തിന്റെ ഭാഗമാണെന്ന് ബാബറിനെ അന്‍വര്‍ ഓര്‍മ്മിപ്പിക്കുന്നു.
പാകിസ്ഥാന്‍ ടീമില്‍ വന്‍ മാറ്റങ്ങള്‍
ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള പാകിസ്ഥാന്‍ ടീമില്‍ വന്‍ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആദ്യ ടെസ്റ്റിലെ തോല്‍വിയെത്തുടര്‍ന്ന് പുതിയതായി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍.
ബാബര്‍ അസമിനൊപ്പം പേസ് ബൗളര്‍മാരായ നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സര്‍ഫറാസ് അഹ്മദ്, ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹ്മദ് എന്നിവരെയും ടീമില്‍ നിന്ന് ഒഴിവാക്കി. ഹസീബുള്ള, മെഹ്റാന്‍ മുംതാസ്, കമ്രാന്‍ ഗുലാം, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അലി, ഓഫ് സ്പിന്നര്‍ സാജിദ് ഖാന്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി.
'ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നത് സെലക്ടര്‍മാര്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു. നിലവിലെ ഫോം, പരമ്പരയില്‍ തിരിച്ചുവരാനുള്ള ആവശ്യകത, 2024-25 ലെ തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ എന്നിവ കണക്കിലെടുത്താണ് ഈ തീരുമാനം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), സൗദ് ഷക്കീല്‍ (വൈസ് ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, അബ്ദുള്ള ഷഫീഖ്, ഹസീബുള്ള (വിക്കറ്റ് കീപ്പര്‍), കമ്രാന്‍ ഗുലാം, മെഹ്റാന്‍ മുംതാസ്, മിര്‍ ഹംസ, മുഹമ്മദ് അലി, മുഹമ്മദ് ഹുറൈറ, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), നോമാന്‍ അലി, സൈം അയൂബ്, സാജിദ് ഖാന്‍, സല്‍മാന്‍ അലി അഗ, സാഹിദ് മെഹ്മൂദ്.