വാലറ്റം പൊരുതി, ഒടുവില്‍ പാകിസ്ഥാന്‍ പുറത്ത്, ഇംഗ്ലണ്ട് അടി തുടങ്ങി
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ പാകിസ്ഥാന്‍ 366 റണ്‍സിന് പുറത്ത്. അഞ്ചിന് 259 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച പാകിസ്ഥാന് 107 റണ്‍സ് കൂടിയാണ് രണ്ടാം ദിനം കൂട്ടിച്ചേര്‍ക്കാനായത്.
ടീം സ്‌കോറിലേക്ക് അഞ്ച് റണ്‍സ് കൂടി ചേര്‍ത്തപ്പോഴേക്കും മുഹമ്മദ് റിസ് വാന്‍ പുറത്തായത് പാകിസ്ഥാന് തിരിച്ചടിയായി. 97 പന്തില്‍ അഞ്ച് ഫോറടക്കം 41 റണ്‍സാണ് റിസ് വാന്‍ നേടിയത്. പിന്നീടെത്തിയ സല്‍മാന്‍ ആഗയും (31), ആമിര്‍ ജമാലും (37), നെമാന്‍ അലിയും (32) പൊരുതിയെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല. സാജിദ് ഖാന്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി.
ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് 38.4 ഓവറില്‍ 114 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു. ബ്രെന്‍ഡന്‍ കേഴ്‌സ് 20 ഓവറില്‍ 50 റണ്‍സ് വഴങ്ങി മൂന്നും മാത്യൂ പോത്ത് 26 ഓവറില്‍ 66 റണ്‍സ് വഴങ്ങി രണ്ടും വിക്കറ്റെടുത്തു.
നേരത്തെ ആദ്യ ദിനം പാകിസ്ഥാനായി അരങ്ങേറ്റ താരം കംറാന്‍ ഗുലം സെഞ്ച്വറി നേടിയിരുന്നു. 224 പന്തില്‍ 11 ഫോറും ഒരു സിക്‌സും അടക്കം 118 റണ്‍സാണ് ഗുലാം നേടിയത്. സൈം അയ്യൂബ് 77 റണ്‍സും സ്വന്തമാക്കി.
നിലവില്‍ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 47 റണ്‍സുനുമാണ് ഇംഗ്ലണ്ട് പാകിസ്ഥാനെ തകര്‍ത്തത്.