സാജിദ് ഖാന്‍ എന്ന ഹീറോ, നിര്‍ണ്ണായക ലീഡെടുത്ത് പാകിസ്ഥാന്‍
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ നിര്‍ണ്ണായക ലീഡ് സ്വന്തമാക്കി പാകിസ്ഥാന്‍. 75 റണ്‍സിന്റെ നിര്‍ണ്ണായക ലീഡാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 366 റണ്‍സിന് മറുപടിയായി ഇംഗ്ലണ്ട് 291 റണ്‍സിന് പുറത്താകുകയായിരുന്നു.
തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച സാജിദ് ഖാന്‍ ആണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 26.2 ഓവറില്‍ 111 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റാണ് ഒന്‍പതാം ടെസ്റ്റ് മാത്രം കളിക്കുന്ന സാജിദ് ഖാന്‍ നേടിയത്. നൊമാന്‍ അലി മൂന്ന് വിക്കറ്റും സ്വന്തമാക്കി.
ആറിന് 239 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 51 റണ്‍സാണ് കൂട്ടിച്ചേര്‍ക്കാനായത്. നാല് റണ്‍സെടുത്ത ബെയ്ഡന്‍ കേഴ്‌സ് ആണ് ആദ്യം പുറത്തായത്. പിന്നാലെ മാത്യൂ പോട്‌സിനേയും (6) സാജിദ് ഖാന്‍ മടക്കി. 21 റണ്‍സെടുത്ത ജാമി സ്മിത്ത് പൊരുതിയെങ്കിലും നൊമാന്‍ അലിയ്ക്ക് മുന്നില്‍ കീഴടങ്ങി. അവസാന വിക്കറ്റില്‍ ശുഹൈബ് ബഷീറും ജാക്ക് ലീച്ചും 29 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ജാക്ക് ലീച്ച് 25 റണ്‍സുമായി പുറത്തായകാതെ നിന്നു ബഷീര്‍ ഒന്‍പത് റണ്‍സെടുത്തു. നേരത്തെ ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡെക്കറ്റ് സെഞ്ച്വറി നേടിയിരുന്നു. 129 പന്തില്‍ 114 റണ്‍സാണ് ഡെക്കറ്റ് നേടിയത്.