ഞങ്ങള്‍ക്കില്ലങ്കില്‍ ഇന്ത്യയും തിന്നണ്ട, ടി20 ലോകകപ്പില്‍ കൂറ്റന്‍ തോല്‍വി വഴങ്ങി പാകിസ്ഥാന്‍ പുറത്ത്
ഐസിസി വനിതാ ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്. ന്യൂസിലന്‍ഡിനെതിരെ അനായാസം ജയിക്കാവുന്ന മത്സരത്തില്‍ന 54 റണ്‍സിന്റെ കനത്ത തോല്‍വിയാണ് പാകിസ്ഥാന്‍ വഴങ്ങിയത്. ഈ തോല്‍വിയോടെ ഇന്ത്യയുടെയും സെമിഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 11.4 ഓവറില്‍ വെറും 56 റണ്‍സിന് ഓള്‍ഔട്ടായി. സെമിയിലെത്താന്‍ പാകിസ്ഥാന് 10.4 ഓവറിനുള്ളില്‍ വിജയലക്ഷ്യം മറികടന്നാല്‍ മതിയായിരുന്നു. എന്നാല്‍, ആക്രമണോത്സുകമായി കളിക്കാന്‍ ശ്രമിച്ച പാകിസ്ഥാന്‍ താരങ്ങള്‍ക്ക് പിഴച്ചു.
ഫാത്തിമ സന (21), മുനീബ അലി (15) എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. ന്യൂസിലന്‍ഡിനായി അമേലിയ കെര്‍ 3 വിക്കറ്റും എഡെന്‍ കാഴ്സണ്‍ 2 വിക്കറ്റും വീഴ്ത്തി.
നേരത്തെ, ന്യൂസിലന്‍ഡിനായി സൂസി ബേറ്റ്‌സ് (28), ജോര്‍ജിയ പ്ലിമ്മര്‍ (17), സോഫി ഡിവൈന്‍ (19), ബ്രൂക്ക് ഹാലിഡേ (22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. പാകിസ്ഥാന് വേണ്ടി നഷാഷ സന്ധു 3 വിക്കറ്റെടുത്തു.
പാകിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടതും ന്യൂസിലന്‍ഡിന് ഗുണം ചെയ്തു. എട്ടോളം ക്യാച്ചുകളാണ് പാകിസ്ഥാന്‍ താരങ്ങള്‍ പിടിക്കാതിരുന്നത്. ഈ വിജയത്തോടെ ന്യൂസിലന്‍ഡ് സെമിയിലെത്തി. ഓസ്‌ട്രേലിയയാണ് ഗ്രൂപ്പ് എയില്‍ നിന്ന് സെമിയിലെത്തിയ മറ്റൊരു ടീം.