അത് അങ്ങനെയല്ല, ഗവാസ്‌ക്കറിന് ചുട്ട മറുപടിയുമായി പന്ത്
ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറുടെ തന്നെ കുറിച്ചുളള പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് രംഗത്ത്. ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ടത് പ്രതിഫലത്തെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നല്ലെന്ന് പന്ത് വ്യക്തമാക്കി.
നിലനിര്‍ത്തുന്നതിനുള്ള തുകയെച്ചൊല്ലിയാണ് പന്ത് ഫ്രാഞ്ചൈസി വിട്ടതെന്ന് ഗാവസ്‌കര്‍ ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പന്ത് തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
'എന്റെ നിലനിര്‍ത്തലിലെ തീരുമാനം പണത്തെച്ചൊല്ലിയുള്ളതല്ല. അതെനിക്കു പറയാന്‍ സാധിക്കും.' - എക്‌സ് പ്ലാറ്റ്‌ഫോമില്‍ പന്ത് കുറിച്ചു.
അടുത്ത ആഴ്ച നടക്കുന്ന മെഗാലേലത്തില്‍ പന്ത് പങ്കെടുക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സ്, പഞ്ചാബ് കിങ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തുടങ്ങിയ ടീമുകള്‍ പന്തിനെ സ്വന്തമാക്കാന്‍ ശ്രമിച്ചേക്കും. ഐപിഎല്‍ താരലേലത്തില്‍ ഉയര്‍ന്ന തുക സ്വന്തമാക്കാന്‍ സാധ്യതയുളള താരമായാണ് പന്തിനെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.