വിചിത്ര തോല്‍വിയില്‍ 'ഇന്‍സോലിറ്റോ' വിളിച്ച് പോയി മെസി, ആദ്യ പ്രതികരണം പുറത്ത്
പാരിസ് ഒളിംപിക്സിലെ അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വി ലോകമെമ്പാടുമുള്ള അവരുടെ ഫുട്‌ബോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അര്‍ജന്റീന സീനിയര്‍ ടീം നായകന്‍ ലയണല്‍ മെസിയും ഈ അവിശ്വസനീയ തോല്‍വിയുടെ നടുക്കത്തിലാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി മെസി ഈ തോല്‍വിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ 'ഇന്‍സോലിറ്റോ' എന്ന സ്പാനിഷ് വാക്കാണ് തോല്‍വിയെ മെസി വിശേഷിപ്പിച്ചത്. അതായത് 'അസാധാരണം' അല്ലെങ്കില്‍ 'അപൂര്‍വ്വം' എന്നാണ് ഈ വാക്കിനര്‍ത്ഥം.
മൊറോക്കയ്ക്കെതിരായ ആവേശകരമായ മത്സരത്തില്‍ അര്‍ജന്റീന ഇഞ്ചുറി ടൈമില്‍ സമനില പിടിച്ചതായാണ് ആദ്യം വിചാരിച്ചത്. മത്സരത്തിന്റെ 106-ാം മിനിറ്റിലാണ് അര്‍ജന്റീന ആദ്യ നേടുകയും പിന്നെ റദ്ദാക്കുകയും ചെയ്ത സമനില ഗോള്‍ പിറന്നത്.
ഇതോടെ സ്റ്റേഡിയം ആഘോഷങ്ങളുടെ ലഹരിയിലേക്ക് വഴുതിവീണു, ആരാധകര്‍ സന്തോഷത്തോടെ കളത്തിലേക്ക് ഓടിയെത്തി. എന്നാല്‍, വിധി മറ്റൊരു ട്വിസ്റ്റിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട വാര്‍ പരിശോധനയില്‍, അര്‍ജന്റീനയുടെ ക്രിസ്റ്റ്യന്‍ മെദിനയുടെ സമനില ഗോള്‍ ഓഫ്‌സൈഡ് ആണെന്ന് റഫറി വിധിക്കുകയായിരുന്നു.
ഇതോടെ ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിച്ച ശേഷം കളി വീണ്ടും ആരംഭിച്ചു, എന്നാല്‍ അര്‍ജന്റീനയ്ക്ക് മത്സരഫലം മാറ്റിയെഴുതാന്‍ കഴിഞ്ഞില്ല.
ഈ തിരിച്ചടി അര്‍ജന്റീനയുടെ ഒളിമ്പിക് സ്വപ്നങ്ങള്‍ക്ക് ഒരു തിരിച്ചടിയാണ്. ഇതോടെ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കാന്‍ ഗ്രൂപ്പിലെ രണ്ട് മത്സരവും അര്‍ജന്റീനയ്ക്ക് ജയിച്ചേ തീരു.