അത്ഭുത ഗോള്‍ രക്ഷിച്ചു, മെറോക്കോയോട് തോല്‍ക്കാതെ അര്‍ജന്റീന
പാരിസ് ഒളിംപിക്സ് ഫുട്ബോള്‍ ഗ്രൂപ്പ് ബിയില്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ആദ്യ മത്സരത്തില്‍ സമനില കൊണ്ട് രക്ഷപ്പെട്ടു. മൊറോക്കോയോടാണ് അര്‍ജന്റീന സമനില വഴങ്ങിയത്. ആവേശകരമായ പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ടു വീതം ഗോളുകള്‍ നേടി.
രണ്ട് ഗോളുകള്‍ക്ക് പിന്നിലായിട്ടും അര്‍ജന്റീന പതറാതെ പൊരുതി സമനില പിടിച്ചു. മൊറോക്കോയ്ക്ക് വേണ്ടി സൂഫിയാനെ റഹിമി ഇരട്ട ഗോളുകള്‍ നേടി തിളങ്ങിയപ്പോള്‍, ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിലൂടെയാണ് അര്‍ജന്റീന പരാജയത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. ഇഞ്ചുറി ടൈമിന്റെ 16-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ മെഡിനയാണ് അര്‍ജന്റീനയുടെ സമനില ഗോള്‍ നേടിയത്. അര്‍ജന്റീനയ്ക്ക് വേണ്ടി ഗ്വിലിയാനോ സിമിയോണി ആദ്യ ഗോള്‍ കണ്ടെത്തി.
ആദ്യപകുതിയുടെ അധികസമയത്ത് മൊറോക്കോ ആദ്യ ലീഡ് നേടിയപ്പോള്‍, രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ അവര്‍ ലീഡ് ഉയര്‍ത്തി. എന്നാല്‍ 67-ാം മിനിറ്റില്‍ അര്‍ജന്റീന ആദ്യ ഗോള്‍ തിരിച്ചടിച്ചു. കളിയുടെ അവസാന നിമിഷങ്ങളില്‍ മെഡിനയിലൂടെ അര്‍ജന്റീന അതിമനോഹരമായ ഗോള്‍ നേടി സമനില പിടിച്ചു.
സ്പെയിനിന് വിജയത്തുടക്കം
മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഉസ്‌ബെക്കിസ്ഥാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വിജയത്തുടക്കം കുറിച്ചു.