For the best experience, open
https://m.pavilionend.in
on your mobile browser.
Advertisement

'ഇന്ത്യ പറയുന്നത് പോലെ നടക്കില്ല; എന്തെങ്കിലും പ്രശ്നമുണ്ടെകിൽ നേരിട്ട് പറയട്ടെ'; വെല്ലുവിളിയുമായി പിസിബി

07:08 PM Nov 18, 2024 IST | Fahad Abdul Khader
UpdateAt: 07:12 PM Nov 18, 2024 IST
 ഇന്ത്യ പറയുന്നത് പോലെ നടക്കില്ല  എന്തെങ്കിലും പ്രശ്നമുണ്ടെകിൽ നേരിട്ട് പറയട്ടെ   വെല്ലുവിളിയുമായി പിസിബി

2025 ഐസിസി ചാമ്പ്യൻസ് ട്രോഫി പൂർണ്ണമായും പാകിസ്ഥാനിൽ തന്നെ നടക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വി. തിങ്കളാഴ്ച്ച നടന്ന പത്രസമ്മേളനത്തിലാണ് നഖ്‌വിയുടെ അവകാശവാദം. ഇന്ത്യ നിർദ്ദേശിച്ച ഹൈബ്രിഡ് മോഡൽ അംഗീകരിക്കാനുള്ള എല്ലാ സാധ്യതയും തള്ളിക്കളഞ്ഞുകൊണ്ടാണ് പിസിബിയുടെ നിലപാട് അദ്ദേഹം പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അവർ നേരിട്ട് പിസിബിയെ സമീപിക്കണമെന്നും, അവരുടെ ആശങ്കകൾ പരിഹരിക്കാൻ പിസിബിക്ക് സഹായിക്കാനാകുമെന്നും നഖ്‌വി കൂട്ടിച്ചേർത്തു.

"ഈ നിമിഷം, ചാമ്പ്യൻസ് ട്രോഫിക്ക് യോഗ്യത നേടിയ ഓരോ ടീമും വരാൻ തയ്യാറാണ്. ആർക്കും ഒരു പ്രശ്‌നവുമില്ല. ഇന്ത്യയ്ക്ക് എന്തെങ്കിലും ആശങ്കകളുണ്ടെങ്കിൽ, ഞങ്ങളോട് നേരിട്ട് അക്കാര്യം സംസാരിക്കുക. ഞങ്ങൾക്ക് ആ ആശങ്കകൾ ലഘൂകരിക്കാൻ കഴിയും. അവർ സന്ദർശിക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്ന് ഞാൻ കരുതുന്നു," ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം പരിശോധിച്ച ശേഷം നഖ്‌വി പറഞ്ഞു.

ഹോസ്റ്റിംഗ് അവകാശങ്ങൾ നഷ്ടപ്പെട്ടാൽ പാകിസ്ഥാൻ ടൂർണമെന്റ് ബഹിഷ്‌കരിക്കുമോ എന്ന് ചോദിച്ചപ്പോൾ, "പാകിസ്ഥാന്റെ അഭിമാനവും, ബഹുമാനവുമാണ് ഞങ്ങളുടെ മുൻഗണനാ വിഷയം” എന്നായിരുന്നു നഖ്‌വിയുടെ പ്രതികരണം.

Advertisement

സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഇന്ത്യൻ ടീമിനെ ചാമ്പ്യൻസ് ട്രോഫിയിലേക്ക് അയയ്ക്കാൻ ബിസിസിഐ വിസമ്മതിച്ചിരുന്നു. ഇതോടെ ടൂർണമെന്റിന്റെ നടത്തിപ്പ് തന്നെ അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യത്തിൽ ബിസിസിഐയുടെ പങ്കാളിത്തമില്ലാത്ത ഒരു ഐസിസി ടൂർണമെന്റ് ഏറെക്കുറെ അസാധ്യമാണെന്ന് തന്നെ പറയാം. ഇതോടെയാണ് ഐസിസി ഹൈബ്രിഡ് മോഡൽ എന്ന ഇന്ത്യൻ ആശയത്തെ പരിഗണയിലെടുക്കുന്നത്. എന്നാൽ 2023 ഏഷ്യാ കപ്പിൽ പിന്തുടർന്ന ഹൈബ്രിഡ് മോഡൽ ഇത്തവണ അംഗീകരിക്കാൻ പാകിസ്ഥാൻ തയ്യാറല്ല. ഇത് ടൂർണമെന്റിന്റെ ഭാവിയെ തന്നെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.

ഇന്ത്യക്ക് പാകിസ്ഥാൻ സന്ദർശിക്കാൻ താൽപ്പര്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് ബിസിസിഐയിൽ നിന്ന് രേഖാമൂലം മറുപടി വേണമെന്ന് പിസിബി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഐസിസിയോ, ബിസിസിഐയോ ഇതുവരെ പിസിബിയുടെ ചോദ്യാവലികൾക്ക് മറുപടി നൽകിയിട്ടില്ലെന്ന് നഖ്‌വി തിങ്കളാഴ്ച വെളിപ്പെടുത്തി.

Advertisement

"ഞങ്ങൾ അവർക്ക് (ഐസിസി) ഞങ്ങൾക്കുണ്ടായിരുന്ന ചോദ്യങ്ങൾ അയച്ചു," നഖ്‌വി പറഞ്ഞു. "അവരുടെ പ്രതികരണത്തിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. ക്രിക്കറ്റും, രാഷ്ട്രീയവും വെവ്വേറെയാണെന്നും ഒരു രാജ്യവും രണ്ടും കൂട്ടിക്കലർത്തരുതെന്നും ഞാൻ വിശ്വസിക്കുന്നു. ഇപ്പോഴും ചാമ്പ്യൻസ് ട്രോഫിയെക്കുറിച്ച് എനിക്ക് പോസിറ്റീവ് പ്രതീക്ഷകളാണുള്ളത്." - നഖ്‌വി കൂട്ടിച്ചേർത്തു..

Advertisement