41ആം വയസിലും ഉരുക്കുകോട്ട, ഇതുപോലെയൊരു പ്രകടനം നടത്താൻ മറ്റാർക്കുമാവില്ല
യൂറോ കപ്പിലെ രണ്ടു മത്സരങ്ങളിലും വിജയം നേടി പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തുർക്കിയെ പോർച്ചുഗൽ കീഴടക്കിയപ്പോൾ ബെർണാഡോ സിൽവ, ബ്രൂണോ ഫെർണാണ്ടസ് എന്നിവർ ഗോളുകൾ നേടി. പോർച്ചുഗലിന്റെ ഒരു ഗോൾ തുർക്കി പ്രതിരോധതാരം വരുത്തിയ പിഴവിൽ നിന്നുമുള്ള സെൽഫ് ഗോളായിരുന്നു.
എന്നാൽ മത്സരത്തിൽ അത്ഭുതപ്പെടുത്തിയ പ്രകടനം നടത്തിയത് വെറ്ററൻ ഡിഫൻഡർ പെപ്പെയാണ്. നാല്പത്തിയൊന്നാം വയസിലും പോർച്ചുഗൽ പ്രതിരോധനിരയിൽ ഉരുക്കുകോട്ട കെട്ടുന്ന കളിയാണ് പെപ്പെ കാഴ്‌ച വെച്ചത്. ഇനിയുമൊരുപാട് കാലം കളിക്കളത്തിൽ തുടരാനുള്ള കരുത്ത് തന്നിൽ അവശേഷിക്കുന്നുണ്ടെന്ന് പെപ്പെ ഇന്നലത്തെ പ്രകടനത്തോടെ വ്യക്തമാക്കിക്കഴിഞ്ഞു.
97 ശതമാനം പാസിംഗ് കൃത്യത മത്സരത്തിൽ പുലർത്തിയ പെപ്പെ ഏഴു ക്ലിയറൻസുകളാണ് നടത്തിയത്. അതിൽ നാല് ഹെഡർ ക്ലിയറൻസുകൾ ഉൾപ്പെടുന്നു. അതിനു പുറമെ നാല് റിക്കവറികൾ നടത്തിയ താരം ഫൈനൽ തേർഡിലേക്ക് രണ്ടു പാസുകളും നൽകി. ഏഴു ഗ്രൗണ്ട് ഡുവൽസിലെ നാലെണ്ണത്തിൽ വിജയം നേടാനും മുൻ റയൽ മാഡ്രിഡ് താരത്തിന് കഴിഞ്ഞു.
വളരെക്കാലം ഫുട്ബോൾ കരിയർ കൊണ്ടു നടന്ന നിരവധി താരങ്ങൾ ഉണ്ടായിരിക്കും. എന്നാൽ നാല്പത്തിയൊന്നാം വയസിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂർണമെന്റുകളിലൊന്നിൽ ഇത്രയും മികച്ച പ്രകടനം നടത്തുകയെന്നത് അത്ഭുതം തന്നെയാണ്. പ്രൊഫെഷണലിസത്തിന്റെ ഏറ്റവും തികഞ്ഞ ഉദാഹരണമാണ് പേപ്പേയെന്ന് നിസംശയം പറയാം.