നിങ്ങളയാളെ പ്രകോപിപ്പിക്കരുതായിരുന്നു; ഇനിയെന്ത് നടക്കുമെന്ന് ദൈവത്തിന് മാത്രം അറിയാം; ഓസീസിന് മുന്നറിയിപ്പുമായി മുൻ താരം
ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് തൊട്ടുമുമ്പ് വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് ഫോമിനെക്കുറിച്ചുള്ള റിക്കി പോണ്ടിംഗിന്റെ പ്രസ്താവനകൾ അസമയത്തായിപ്പോയി എന്ന വിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ ലീ രംഗത്തെത്തി. അടുത്തയാഴ്ച പെർത്തിൽ ആരംഭിക്കുന്ന പരമ്പരയ്ക്ക് മുന്നോടിയായാണ് പോണ്ടിംഗ് കോഹ്‌ലിയെ വിമർശിച്ചത്.
അത് കോഹ്ലിയാണ്; അയാളെ പ്രകോപിപ്പിക്കരുതായിരുന്നു
"അത് മോശം നീക്കമാണ്, റിക്കി," "നിങ്ങൾ എന്താണ് ചെയ്യുന്നത്? നിങ്ങൾ ആ വ്യക്തിയെ പ്രകോപിപ്പിക്കാൻ പോകുകയാണോ. അദ്ദേഹം ലോകോത്തര കളിക്കാരനാണ്, ഇനിയിവിടെ തീ പാറും." ഫോക്സ് ക്രിക്കറ്റിന്റെ പോഡ്‌കാസ്റ്റ് 'ദി ഫോളോ ഓണിൽ' ലീ പറഞ്ഞു.
ഐസിസി അവലോകനത്തിൽ, കോഹ്‌ലിയുടെ ഫോമിനെ റിക്കി പോണ്ടിംഗ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ 60 ടെസ്റ്റ് ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളും മാത്രമാണ് കോഹ്‌ലി നേടിയത്. 2024-ൽ കളിച്ച ആറ് ടെസ്റ്റുകളിൽ നിന്ന് 22.72 ആണ് അദ്ദേഹത്തിന്റെ ശരാശരി.
പോണ്ടിങ്ങിന്റെ വാക്കുകൾ
"വിരാടിനെക്കുറിച്ചുള്ള ഒരു സ്ഥിതിവിവരക്കണക്ക് ഞാൻ കഴിഞ്ഞ ദിവസം കണ്ടു - കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അദ്ദേഹം രണ്ട് ടെസ്റ്റ് സെഞ്ച്വറികൾ മാത്രമാണ് നേടിയതെന്ന് അത് പറയുന്നു. അത് എനിക്ക് ശരിയാണെന്ന് തോന്നിയില്ല, പക്ഷേ അത് കൃത്യമാണെങ്കിൽ, വലിയ ആശങ്കയാണ്. ഒരു ടോപ്പ് ഓർഡർ ബാറ്റ്സ്മാൻ എന്ന നിലയിൽ അഞ്ച് വർഷത്തിനിടെ രണ്ട് ടെസ്റ്റ് സെഞ്ച്വറികൾ മാത്രം നേടിയത് മറ്റാരായിരുന്നെങ്കിലും ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ടാകില്ല." പോണ്ടിംഗ് പറഞ്ഞിരുന്നു.
എന്നാൽ കാര്യങ്ങൾ മാറിമറിയാൻ പോവുന്നുവെന്നാണ് ലീ പറയുന്നത്.
"ഇത് ഒരു അത്ഭുതകരമായ പരമ്പരയായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഈ പരമ്പരയിൽ ഒരുപാട് ത്രില്ലർ മുഹൂർത്തങ്ങൾ ഉണ്ടാവും. തീർച്ചയായും ഇന്ത്യ എ ടീമിന് ചുറ്റുമുള്ള ബോൾ ടാമ്പറിംഗ് പ്രശ്‌നങ്ങളും, ഇപ്പോൾ റിക്കി പോണ്ടിംഗ് പുറത്തുവന്ന് കോഹ്‌ലിക്ക് നൽകിയ വെല്ലുവിളിയും, എല്ലാം മത്സരങ്ങളെ ചൂടുപിടിപ്പിക്കും" അദ്ദേഹം പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര തോൽവിക്ക് ശേഷം ഓസ്‌ട്രേലിയയിൽ ഇന്ത്യ തിരിച്ചുവരുമെന്ന് ലീ പ്രതീക്ഷിക്കുന്നു. പരമ്പര 2-2ന് സമനിലയിൽ കലാശിക്കുമെന്നാണ് ലീയുടെ പ്രവചനം. ഓസ്‌ട്രേലിയക്ക് ബാറ്റിംഗാണ് തലവേദന എന്നാണ് ലീ കരുതുന്നത്. നഥാൻ മക്സ്വീനി ഓപ്പണറായി ടീമിലെത്തിയ സാഹചര്യവും അദ്ദേഹം ചോദ്യം ചെയ്യുന്നു.
നഥാൻ മക്സ്വീനി എങ്ങനെ ടീമിലെത്തി?
"(മിച്ചൽ) സ്റ്റാർക്ക്, (പാറ്റ്) കമ്മിൻസ്, (ജോഷ്) ഹാസ്‌ൽവുഡ്, (നഥാൻ) ലിയോൺ എന്നിവരടങ്ങുന്ന ലോകോത്തര ബൗളിംഗ് നിരയാണ് ഞങ്ങൾക്കുള്ളത്. എന്നാൽ ഞങ്ങളുടെ ബാറ്റിംഗ് നിര ദുർബലമാണ്. വളരെക്കാലമായി ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദുർബലമായ ബാറ്റിംഗ് നിരകളിലൊന്നാണിത്. (നഥാൻ) മക്സ്വീനി ടീമിലെത്തുമെങ്കിലും, അദ്ദേഹം സമ്മർദ്ദത്തിലാണ്, കാരണം അദ്ദേഹം ഒരിക്കലും ടെസ്റ്റ് ഓപ്പണറായി ബാറ്റ് ചെയ്തിട്ടില്ല, അത് ഒരു സ്പെഷ്യലിസ്റ്റ് സ്ഥാനമാണെന്ന് ഞാൻ കരുതുന്നു.
"(ഉസ്മാൻ) ഖവാജയാണ് ഇപ്പോൾ (ഓസ്‌ട്രേലിയയ്ക്ക് വേണ്ടി) വേറിട്ടുനിൽക്കുന്നത്. അദ്ദേഹം മികച്ച പ്രകടനം നടത്തും. (മാർനസ്) ലബുഷെയ്ൻ കുറച്ചുകാലമായി ഫോമിലല്ല, സ്റ്റീവ് സ്മിത്തും സമാനമായ അവസ്ഥയിലാണ്. യുവതാരങ്ങൾ എങ്ങനെ സമ്മർദ്ദത്തെ നേരിടുന്നു എന്നത് നിർണായകമാണ്. പ്രത്യേകിച്ച് (ജസ്പ്രീത്) ബുംറയും അവരുടെ പേസ് ആക്രമണവും വലിയ വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ." - ലീ കൂട്ടിച്ചേർത്തു…