എന്തിനാണ് എന്നെയിങ്ങനെ പരിഹസിക്കുന്നത്, ഒടുവില്‍ തുറന്നടിച്ച് പൃഥ്വി ഷാ
ഐപിഎല്‍ താരലേലത്തില്‍ വാങ്ങാന്‍ ആളില്ലാതെ പോയതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന ട്രോളുകളോട് പ്രതികരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷാ. താന്‍ എന്ത് തെറ്റ് ചെയ്തുവെന്നാണ് എല്ലാവരും തന്നെ ട്രോളുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പൃഥ്വി ഷാ ചോദിച്ചു. 'ഫോക്കസ്ഡ് ഇന്ത്യന്‍' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ജന്മദിനാഘോഷത്തിനിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം നൃത്തം ചെയ്തതിന് വരെ താന്‍ ട്രോളുകളുടെ ഇരയായെന്ന് പൃഥ്വി ഷാ പറഞ്ഞു. എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതുകൊണ്ടാണ് ട്രോളുകള്‍ വരുന്നതെന്നും, ചിലപ്പോഴൊക്കെ അത് വേദനിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തില്‍ നായകനായ പൃഥ്വി ഷാ, ഏഴ് സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായിരുന്നു. എന്നാല്‍ ഇത്തവണത്തെ മെഗാ താരലേലത്തില്‍ ടീം അദ്ദേഹത്തെ ഒഴിവാക്കി. ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മുംബൈ രഞ്ജി ടീമില്‍ നിന്നും പുറത്തായതും ഷായ്ക്ക് തിരിച്ചടിയായി. ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വില 2 കോടിയില്‍ നിന്ന് 75 ലക്ഷമായി കുറച്ചിട്ടും ആരും ഷായെ ടീമിലെടുത്തില്ല. ഇതോടെയാണ് ട്രോളുകള്‍ പ്രവഹിച്ചത്.
'എന്നെ ശ്രദ്ധിക്കാത്ത, സമൂഹമാധ്യമങ്ങളില്‍ പിന്തുടരാത്ത ഒരാള്‍ എങ്ങനെയാണ് എന്നെ ട്രോളുന്നത്? ട്രോളുന്നവരുടെ കണ്ണുകള്‍ എപ്പോഴും എന്റെ മേലുണ്ടെന്നാണല്ലോ ഇതിനര്‍ത്ഥം. അതൊരു തരത്തില്‍ നല്ലതല്ലേ?', ഷാ ചോദിക്കുന്നു. ട്രോളുകള്‍ നല്ല കാര്യമല്ലെന്നും എന്നാല്‍ തീരെ മോശമാണെന്നും തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'എന്ത് തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ചിലപ്പോള്‍ ചിന്തിക്കാറുണ്ട്. എനിക്ക് എന്തെങ്കിലും പാളിച്ച പറ്റിയാല്‍ അത് മനസ്സിലാക്കാനുള്ള കഴിവ് എനിക്കുണ്ട്. എന്നാല്‍ തെറ്റില്ലാത്ത കാര്യത്തിന് വേണ്ടി എന്തിനാണ് എന്നെ ട്രോളുന്നത്?', ഷാ ചോദിച്ചു.
ഷായെ ടീമിലെടുക്കാതിരുന്നത് നാണക്കേടാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്‍ സഹ പരിശീലകന്‍ മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കണമെന്നും അദ്ദേഹം ഷായോട് ആവശ്യപ്പെട്ടു. ഡല്‍ഹി ക്യാപിറ്റല്‍സ് ഷായെ ഏറെ പിന്തുണച്ചിട്ടുണ്ടെന്നും ശിവം മാവിയുടെ ഓവറില്‍ ആറ് ഫോറുകള്‍ അടിച്ചത് ആരും മറക്കരുതെന്നും കൈഫ് ഓര്‍മ്മിപ്പിച്ചു. സര്‍ഫറാസ് ഖാന്റെ മാതൃക പിന്തുടര്‍ന്ന് റണ്‍സ് നേടി തിരിച്ചുവരണമെന്നും കൈഫ് ഉപദേശിച്ചു.