ചാപ്പലിന്റെ ചേര്‍ത്ത് പിടിക്കല്‍, വന്‍ തിരിച്ചുവരവിനൊരുങ്ങി പൃഥ്വി ഷാ
മുംബൈ ഓപ്പണര്‍ പൃഥ്വി ഷാ രഞ്ജി ട്രോഫി ടീമില്‍ നിന്ന് പുറത്തായെങ്കിലും, ഈ അവസരം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ പ്രേരിപ്പിച്ചു. മുംബൈയില്‍ ഒഡീഷയ്ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിനിടെ, എംസിഎ-ബികെസി ഗ്രൗണ്ടിനടുത്തുള്ള ട്രാക്കില്‍ പൃഥ്വി ഷാ ഓട്ട പരിശീലനം നടത്തുന്നതായി കാണപ്പെട്ടു. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ട്രെയിനര്‍ അമോഗ് പണ്ഡിറ്റിന്റെ മേല്‍നോട്ടത്തിലാണ് പരിശീലനം.
സഞ്ജയ് പാട്ടീല്‍ നയിക്കുന്ന സെലക്ഷന്‍ കമ്മിറ്റി ത്രിപുരയ്ക്കെതിരായ മൂന്നാം രഞ്ജി ട്രോഫി മത്സരത്തിനുള്ള 16 അംഗ ടീമില്‍ നിന്ന് പൃഥ്വി ഷായെ ഒഴിവാക്കിയിരുന്നു.
മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഗ്രെഗ് ചാപ്പല്‍ പൃഥ്വി ഷായ്ക്ക് ഒരു കത്ത് എഴുതിയിരുന്നു. മുംബൈ ടീമില്‍ നിന്ന് പുറത്തായത് പൃഥ്വി ഷായുടെ കരിയറിലെ വഴിത്തിരിവാകുമെന്ന് ചാപ്പല്‍ കത്തില്‍ പറഞ്ഞു.
ഗ്രെഗ് ചാപ്പലിന്റെ കത്തിലെ പ്രധാന കാര്യങ്ങള്‍:
'പൃഥ്വി, മുംബൈ ടീമില്‍ നിന്ന് പുറത്തായത് നിങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് എനിക്ക് മനസ്സിലാകും. നിരാശയും അനിശ്ചിതത്വവും തോന്നുന്നത് സ്വാഭാവികമാണ്, പക്ഷേ ഇത്തരം നിമിഷങ്ങള്‍ പലപ്പോഴും കായികതാരങ്ങളുടെ വഴിത്തിരിവാകാറുണ്ട്,' ചാപ്പല്‍ എഴുതി.
'ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ നിങ്ങള്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ അസാധാരണമായ പ്രതിഭ വ്യക്തമായിരുന്നു,' ചാപ്പല്‍ കൂട്ടിച്ചേര്‍ത്തു.
ഡോണ്‍ ബ്രാഡ്മാന്‍ പോലും ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും വെല്ലുവിളികളെ അതിജീവിക്കുന്നതാണ് ഒരു കളിക്കാരനെ മികച്ചവനാക്കുന്നതെന്നും ചാപ്പല്‍ ഓര്‍മ്മിപ്പിച്ചു.
'നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക, ആവശ്യത്തിന് വിശ്രമം നേടുക, ശക്തിയും ശ്രദ്ധയും വളര്‍ത്തിയെടുക്കുക. ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ ഇപ്പോഴും തുറന്നിട്ടുണ്ട്,' ചാപ്പല്‍ പറഞ്ഞു.
ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസി പൃഥ്വി ഷായെ നിലനിര്‍ത്തിയിട്ടില്ല. മെഗാ ലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസി അദ്ദേഹത്തെ തിരഞ്ഞെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
5 ടെസ്റ്റുകളും 6 ഏകദിനങ്ങളും 1 ടി20യും ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള പൃഥ്വി ഷാ, ഈ മൂന്ന് ഫോര്‍മാറ്റുകളിലുമായി 528 റണ്‍സ് നേടിയിട്ടുണ്ട്. 2018-ല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചെങ്കിലും അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല. 2020-ല്‍ അഡ്ലെയ്ഡില്‍ ഓസ്‌ട്രേലിയയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ അവസാന ടെസ്റ്റ്.