പുറത്താക്കിയവര്‍ക്ക് ചുട്ടമറുപടി, ആദ്യ പ്രതികരണവുമായി പൃഥ്വി ഷാ
രഞ്ജി ടീമില്‍ നിന്ന് പുറത്തായതില്‍ പ്രതികരണവുമായി മുംബൈ സൂപ്പര്‍ താരം പൃഥ്വി ഷാ. അച്ചടക്കമില്ലായ്മയും കായികക്ഷമതയിലെ കുറവും കാരണം കഴിഞ്ഞ ദിവസമാണ് ഷായെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.
'ഒരു ഇടവേള ആവശ്യമായിരുന്നു, അത് നല്‍കിയതില്‍ നന്ദി' എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ ഷാ പ്രതികരിച്ചത്.
എന്നാല്‍ ഷായെ ഒഴിവാക്കിയതിനുള്ള കാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ടീമിന്റെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ഷായെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
പരിശീലനത്തിന് കൃത്യമായി എത്താത്തതും കഠിനാദ്ധ്വാനം ചെയ്യാനുള്ള മടിയുമാണ് കാരണമെന്ന് രഹാനെ ചൂണ്ടിക്കാണിച്ചതായാണ് റിപ്പോര്‍ട്ട്.
2018 ല്‍ 19-ാം വയസ്സില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ഷാ, ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടി ശ്രദ്ധേയനായിരുന്നു. എന്നാല്‍ അഞ്ച് ടെസ്റ്റുകള്‍, ആറ് ഏകദിനങ്ങള്‍, ഒരു ട്വന്റി 20 എന്നിവയ്ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. പിന്നീട്് കുത്തഴിഞ്ഞ ജീവിതത്തിന്റെ പേരില്‍ പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.