നിര്‍ണ്ണായക രണ്ടാം ടെസ്റ്റ്, ഇന്ത്യന്‍ ടീമില്‍ നാല് പ്രധാന മാറ്റങ്ങള്‍ വരുന്നു
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലെ 8 വിക്കറ്റ് പരാജയത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ നാല് പ്രധാന മാറ്റങ്ങളാണ് ടീമില്‍ പ്രതീക്ഷിക്കുന്നത്.
- ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുന്നു:
ആദ്യ ടെസ്റ്റില്‍ മോശം ഫോമില്‍ കളിച്ച കെ.എല്‍ രാഹുലിന് പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണിംഗ് ചെയ്യുമെന്നാണ് സൂചന. പരിക്കില്‍ നിന്ന് മുക്തനായ ഗില്‍ ടീമിനൊപ്പം ചേര്‍ന്നിട്ടുണ്ട്. രാഹുലിന്റെ ബാറ്റിംഗ് പ്രകടനത്തിനൊപ്പം ഫീല്‍ഡിങ്ങിലെ പിഴവുകളും ടീം മാനേജ്‌മെന്റിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.
- അക്ഷര്‍ പട്ടേല്‍ ജഡേജയ്ക്ക് പകരം:
രണ്ടാം ടെസ്റ്റ് നടക്കുന്ന പൂനെ പിച്ചില്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമായ സാഹചര്യമാണുള്ളത്. അതിനാല്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വിഭാഗത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷര്‍ പട്ടേല്‍ കളിക്കാനാണ് സാധ്യത. ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിലും ബോളിംഗിലും ജഡേജയുടെ പ്രകടനം ശരാശരിയില്‍ താഴെയായിരുന്നു.
- ആകാശ് ദീപ് കുല്‍ദീപിന് പകരം:
പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി ആകാശ് ദീപിനെ ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
4) റിഷഭ് പന്തിന് പകരം ജുറള്‍ ടീമിലെത്തും
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ പന്ത്, രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് കീപ്പിംഗ് നിര്‍വഹിച്ചിരുന്നില്ല.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ന് പിന്നിലാണ്. ഈ സാഹചര്യത്തില്‍, മികച്ച ഫോമിലുള്ള പന്തിന്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും. പന്തിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും, ബിസിസിഐയുടെ മെഡിക്കല്‍ ടീം മുന്‍കരുതല്‍ എന്ന നിലയില്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പന്തിന് പകരം ധ്രുവ് ജുറല്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ജുറല്‍, ബാറ്റിംഗിലും വിക്കറ്റ് കീപ്പിംഗിലും മികവ് തെളിയിച്ചിട്ടുണ്ട്.
സര്‍ഫറാസ് ഖാന്‍ തന്റെ മികച്ച ഫോം തുടരുമെന്നാണ് പ്രതീക്ഷ. രണ്ടാം ഇന്നിംഗ്‌സിലെ സെഞ്ച്വറി ടീമിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനങ്ങളിലെ ചില പിഴവുകള്‍ ആദ്യ ടെസ്റ്റില്‍ തിരിച്ചടിയായി. ഈ പിഴവുകള്‍ തിരുത്തി മികച്ച പ്രകടനം കാഴ്ചവച്ചാല്‍ മാത്രമേ പരമ്പരയില്‍ തിരിച്ചുവരവ് സാധ്യമാകൂ.