ഒരു പിഴവ് കൊണ്ട് അവരെല്ലാം വെറും കറുത്തവരായോ? ഫുട്ബോളിന് നാണക്കേടാണീ ഇംഗ്ലീഷ് ആരാധകർ
യൂറോ ഫൈനലിൽ ഇംഗ്ലണ്ട് ഇറ്റലിയോട് പരാജയപ്പെട്ടതിനു പിന്നാലെ ഇംഗ്ലീഷ് ടീമിലെ കറുത്ത വർഗ്ഗക്കാരായ താരങ്ങൾക്കെതിരെ വ്യാപകമായ വംശീയാധിക്ഷേപം. പെനാൽറ്റി ഷൂട്ടൗട്ടിൽ അവസരം നഷ്ടപ്പെടുത്തിയ ബുകായോ സാക, ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോഡ് എന്നീ യുവതാരങ്ങൾക് നേരെയാണ് ഇംഗ്ലീഷ് ഫാൻപേജുകളിൽ വ്യാപകമായ വംശീയാക്രമണം നടക്കുന്നത്.
നിശ്ചിത സമയത്ത് ഓരോ ഗോൾ നേടി ഇരു ടീമുകളും സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലേക്കും തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട മത്സരമാണ് ഗോൾ കീപ്പർ ഡോണാരുമ്മയുടെ മികവിൽ അസൂറികൾ വിജയിച്ചത്. ഇറ്റാലിയൻ താരങ്ങളായ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഇംഗ്ലണ്ടിന്റെ യുവനിരക്ക് സമ്മർദ്ധം അതിജീവിക്കാനായില്ല.
19 കാരനായ ബുകായോ സാക ഇംഗ്ലണ്ട് നിരയിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിൽ ഒരാളാണ്. ജേഡൻ സാഞ്ചോയ്ക്കും, രാഷ്‌ഫോർഡിനും, യഥാക്രമം ഇരുപത്തിയൊന്നും, ഇരുപത്തിമൂന്നും മാത്രമാണ് പ്രായം. എന്നാൽ ഇതൊന്നും കണക്കിലെടുക്കാതെ താരങ്ങളുടെ വംശീയമായ പശ്ചാത്തലത്തെ രൂക്ഷമായി പരിഹസിച്ചും, കുറ്റപെടുത്തിയുമാണ് ഇംഗ്ലീഷ് ആരാധകർ ആക്രമണം അഴിച്ചുവിടുന്നത്.
താരങ്ങൾക്കെതിരെ യുള്ള ആക്രമണത്തെ എന്തായാലും ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ അപലപിച്ചിട്ടുണ്ട്. "വംശീയാധിക്ഷേപങ്ങൾക്ക് വിരാമമിടാൻ ഉദ്ദേശിച്ചാണ് കഠിനമായ സമയത്തും യൂറോ തുടങ്ങിയത്. ഫൈനൽ മത്സരത്തിന് മുൻപ് രാജ്യത്തിന്റെ യശസ്സ് ഉയർത്തിയ ചെറുപ്പക്കാരാണ് താരങ്ങൾ. അതിനാൽ തന്നെ താരങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുകയാണ്. അതോടൊപ്പം ഇത്തരത്തിൽ പ്രചാരണം നടത്തിയവരെ ഏറ്റവും കടുത്ത ശിക്ഷക്ക് വിധേയരാക്കുകയും ചെയ്യും - ഇങ്ങനെയായിരുന്നു ഫുട്‌ബോൾ അസോസിയേഷൻ നടത്തിയ പ്രസ്താവന.
താരങ്ങൾക്കെതിരായ ആക്രമണത്തിനെതിരെ ലോകത്തെ ഫുട്ബോൾ പ്രേമികളെല്ലാം തന്നെ ഒരുമിക്കണമെന്നാണ് വംശീയ വേർതിരിവിനെതിരെ പ്രവർത്തിക്കുന്ന വിവിധസംഘടനകൾ ആവശ്യപ്പെടുന്നത്. ഇന്നലെ വരെ ഫുട്ബോളിന്റെ രോമാഞ്ചമായി നിലനിന്ന താരങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ ഫുട്ബോൾ പ്രേമിയുടെയും കടമ തന്നെയാണ്.