പ്രിത്വി ഷായും, രഹാനെയും തീയായി; റെക്കോർഡ് റൺമല പിന്തുടർന്ന് ജയിച്ച് മുംബൈ
അവസാന പന്ത് വരെ ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ വിദർഭയെ തോൽപ്പിച്ച മുംബൈ, സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. ആളൂരിൽ നടന്ന ക്വാർട്ടർ ഫൈനലിൽ വിദർഭയെ 6 വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത വിദർഭ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. അഥർവ ടൈഡ് (66), അപൂർവ് വാങ്കഡെ (51) എന്നിവർ വിദർഭക്കായി അർദ്ധസെഞ്ച്വറി നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് വേണ്ടി ഓപ്പണർമാരായ പൃഥ്വി ഷായും അജിങ്ക്യ രഹാനെയും മികച്ച തുടക്കം നൽകി. ഷാ 26 പന്തിൽ 49 റൺസും രഹാനെ 45 പന്തിൽ 84 റൺസും നേടി.
ക്യാപ്റ്റൻ ശ്രേയസ് അയ്യരും (5) സൂര്യകുമാർ യാദവും (9) വേഗത്തിൽ പുറത്തായെങ്കിലും സൂര്യാൻഷ് ഷെഡ്‌ജ് (36), ശിവം ദുബെ (37) എന്നിവർ ചേർന്ന് മുംബൈയെ വിജയത്തിലെത്തിച്ചു.
ചുരുക്കത്തിൽ:
- വിദർഭ: 221/6 (20 ഓവറുകൾ)
- മുംബൈ: 224/4 (19.2 ഓവറുകൾ)
- അജിങ്ക്യ രഹാനെ: 84 റൺസ്
- പൃഥ്വി ഷാ: 49 റൺസ്
- ശിവം ദുബെ: 37 റൺസ്
- സൂര്യാൻഷ് ഷെഡ്‌ജ്: 36 റൺസ്
സയ്യിദ് മുഷ്താഖ് അലി ട്രോഫി നോക്കൗട്ടുകളിലെ ഏറ്റവും ഉയർന്ന വിജയകരമായ റൺ ചേസാണ് മുംബൈ ഇന്ന് സ്വന്തമാക്കിയത്. 2022-ൽ ഹിമാചൽ പ്രദേശ് ബംഗാളിനെതിരെ 200 റൺസ് പിന്തുടർന്നതായിരുന്നു മുൻ റെക്കോർഡ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രാഥമിക റൗണ്ടുകളിലെ കണക്കെടുത്താലും ഏറ്റവും വലിയ ചേസ് മുംബൈയുടെ പേരിൽ തന്നെയാണ്. മുംബൈ അവരുടെ മുൻ മത്സരത്തിൽ ആന്ധ്രയ്‌ക്കെതിരെ 230 റൺസ് പിന്തുടർന്നിരുന്നു. മുഷ്താഖ് അലിയിലെ ഏറ്റവും ഉയർന്ന റൺ ചേസാണിത്. ശ്രേയസ് അയ്യർ നയിക്കുന്ന മുംബൈ വെള്ളിയാഴ്ച സെമിഫൈനലിൽ ഹർദിക് പാണ്ട്യ അടക്കം അണിനിരക്കുന്ന ബറോഡയെ നേരിടും.